ad
Deshabhimani

print edition തൊഴിലുറപ്പ്‌ പദ്ധതി ഇടതുപക്ഷ സമ്മർദത്താലാണെന്ന്‌ കോൺഗ്രസും സമ്മതിച്ചു

modi government agenda mgnrega name change
വെബ് ഡെസ്ക്

Published on Feb 13, 2026, 12:58 AM | 1 min read


തിരുവനന്തപുരം

തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കിയത്‌ സംബന്ധിച്ച്‌ സംസ്ഥാനത്തെ കോൺഗ്രസ്‌ പ്രചാരണം യുപിഎ സർക്കാർ രാജ്യസഭയിൽ പ്രസ്താവിച്ച വസ്തുതകൾക്ക്‌ വിരുദ്ധമായവ. തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കുന്നതിന്‌ കാരണം ഇടതുപക്ഷത്തിന്റെ സമ്മർദമാണെന്നാണ്‌ 2005 ആഗസ്‌ത്‌ 24ന്‌ രാജ്യസഭയിൽ സിപിഐ എം നേതാവ്‌ സീതാറാം യെച്ചൂരിയുടെ ചോദ്യത്തിന്‌ മറുപടിയായി കോൺഗ്രസ്‌ നേതാവ്‌ ജയറാം രമേശ്‌ പറഞ്ഞത്‌. ഇടതു പക്ഷത്തിന്റെ പിന്തുണയോടെ 2004ൽ അധികാരമേറ്റ ഒന്നാം യുപിഎ സർക്കാരിന്റെ പൊതുമിനിമം പരിപാടിയിലെ പ്രധാന വാഗ്‌ദാനമായിരുന്നു തൊഴിലുറപ്പുപദ്ധതിയെങ്കിലും നടപ്പാക്കാൻ ആദ്യം താൽപര്യം കാണിച്ചിരുന്നില്ല. ബില്ലിന്റെ കരടുരൂപീകരണം പോലും ഇഴഞ്ഞുനീങ്ങി. യുപിഎ ഏകോപനസമിതിയിൽ ഇടതുപക്ഷം കടുത്ത സമ്മർദം ചെലുത്തുകയായിരുന്നു. മിനിമം വേതനം ഒഴിവാക്കിയതടക്കം കരട്‌ ബില്ലിലെ പോരായ്മകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടും ഇടതുപക്ഷം കത്ത്‌ നൽകി. ഗ്രാമങ്ങൾക്കുപുറമെ നഗരങ്ങളിൽക്കൂടി പദ്ധതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ്‌ തയ്യാറായില്ല.


2005 ആഗസ്‌തിലാണ്‌ പാർലമെന്റ്‌ തൊഴിലുറപ്പുനിയമം പാസാക്കിയത്‌. 2008 ഏപ്രിലിൽ രാജ്യവ്യാപകമാക്കി. ലക്ഷക്കണക്കിന്‌ കുടുംബങ്ങളിൽ പട്ടിണിമാറ്റാൻ ഉപകരിച്ച പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കുന്നത്‌ കേരളമാണ്‌. 10.15 കോടി തൊഴിൽദിനവുമായി റെക്കോഡ് നേട്ടമുണ്ടാക്കി, പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിലും ഒന്നാംസ്ഥാനത്താണ്‌. തൊഴിലുറപ്പ്‌ തൊഴിലാളികൾക്കുള്ള ക്ഷേമനിധി യാഥാർഥ്യമാക്കിയതും ഇവിടെ മാത്രമാണ്‌.


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലും മഹാത്മാ അയ്യൻകാളി നഗര തൊഴിലുറപ്പുപദ്ധതിയിലും ഭാഗമായ 16 ലക്ഷത്തിലധികം കുടുംബങ്ങളാണുള്ളത്‌. ഇത്തരം വസ്തുതകളെയെല്ലാം മറച്ചുവച്ചാണ്‌ കെ കെ ശൈലജയുടെ തൊഴിലുറപ്പ്‌ സംബന്ധിച്ച പ്രസംഗത്തോട്‌ അടക്കം അസഹിഷ്‌ണുത കലർന്ന ആക്രമണമാണ് കോൺഗ്രസ്‌ നടത്തുന്നത്‌. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം പദ്ധതിയുടെ സ്ഥിതി ഒട്ടും ആശാവഹമല്ല. കേന്ദ്ര ബിജെപി സർക്കാർ പദ്ധതിയെ കഴുത്ത്‌ ഞെരിച്ച്‌ കൊല്ലുമ്പോഴും കേരളത്തിലാണ്‌ കൂടുതൽ പണം അനുവദിച്ച്‌ തൊഴിൽ ദിനങ്ങൾ പരമാവധി നൽകാൻ ശ്രമിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home