എംജിയിലും കലിക്കറ്റ് മോഡൽ വീതം വയ്പ്; ബിജെപി ഡീലിന് കൈയടിച്ച് കോൺഗ്രസ്


സ്വന്തം ലേഖകൻ
Published on Jun 08, 2026, 12:59 AM | 1 min read
തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാലയിൽ കളമൊരുങ്ങുന്നത് കലിക്കറ്റ് സർവകലാശാലയ്‌ക്ക് സമാനമായ യുഡിഎഫ്–ബിജെപി വീതംവയ്‌പ്പിന്. സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ തെരഞ്ഞെടുക്കാൻ മെയ് 26ന് നിശ്ചയിച്ച യോഗം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണും ഗവർണറും നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം മാറ്റിയിരുന്നു.
പിന്നാലെ, സെനറ്റിലേക്ക് 19 സംഘപരിവാറുകാരെ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നാമനിർദേശം ചെയ്‌തു. എംഎൽഎ പ്രതിനിധികളിലടക്കം മാറ്റത്തോടെ സിൻഡിക്കറ്റ് പുനഃസംഘടനയും കഴിഞ്ഞ് കാര്യങ്ങൾ യുഡിഎഫിന് കൂടുതൽ അനുകൂലമായശേഷമാകും സ്ഥിരം വിസി നിയമന നടപടികളിലേക്ക് കടക്കുക. ഇൗ ഘട്ടത്തിൽ പ്രത്യേക സെനറ്റ് യോഗം ചേർന്ന് വിസി സെർച്ച് കമ്മിറ്റി പ്രതിനിധിയെ തീരുമാനിക്കും. യുഡിഎഫ്– സംഘപരിവാർ അനുകൂലികളാകും പാനലിൽ ഉൾപ്പെടുക.
ലോക്‌ഭവൻ നിർദേശത്തിൽ പ്രവർത്തിക്കുന്ന നിലവിലെ താൽക്കാലിക വിസി ഡി മാവൂതിനെ സ്ഥിരപ്പെടുത്താനും നീക്കമുണ്ടാകും. തൽക്കാലം മറ്റൊരാൾക്ക് വിസിയുടെ ചുമതല കൈമാറിയശേഷം മാവൂതിനെ പാനലിൽ ഉൾപ്പെടുത്തി നിയമിക്കാനാകും.
ഗവർണറോട് ഏറ്റുമുട്ടാനില്ലെന്ന മന്ത്രി റോജി എം ജോണിന്റെ പ്രതികരണം സംഘപരിവാർ അനുകൂല നീക്കങ്ങളെ ചെറുക്കാനില്ലെന്ന സന്ദേശമാണ്. കെഎസ്‌യു അടക്കം യുഡിഎഫ് വിദ്യാർഥി സംഘടനകളും നിശബ്‌ദമാണ്. എന്നാൽ താൽപ്പര്യപ്പെട്ട പേരുകൾ വെട്ടി സംഘപരിവാറുകാരനെ വിസിയാക്കിയതിൽ കോൺഗ്രസ്– യുഡിഎഫ് സർവീസ് സംഘടനകൾ അമർഷത്തിലാണ്.
കലിക്കറ്റ് സർവകലാശാലയിൽ എൽഡിഎഫ് സർക്കാരിന്റെ ഘട്ടത്തിൽ വിസി നൽകിയ പാനൽ വെട്ടി ബിജെപി, കോൺഗ്രസ്, മുസ്ലിം ലീഗ് പ്രതിനിധികളെ അന്നത്തെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഉൾപ്പെടുത്തിയിരുന്നു. സർക്കാരും ഇടതുപക്ഷ സംഘടനകളും ശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ അന്നും ആനുകൂല്യം പറ്റിയ യുഡിഎഫ് മൗനത്തിലായിരുന്നു.
എസ്‌എഫ്‌ഐ നേതൃത്വത്തിൽ പ്രതിഷേധം കനത്തതോടെ ഹൈക്കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം നേടിയാണ് സെനറ്റ് പ്രതിനിധികൾക്ക് യോഗത്തിനെത്താനായത്. അന്ന് റിസർച്ച് പ്രതിനിധിയായിരുന്നു നിലവിലെ കലിക്കറ്റ് വിസിയായ പി രവീന്ദ്രൻ.










0 comments