മേപ്പാടി മണ്ണിടിച്ചിൽ; പ്രദേശത്ത് മഴ തുടരുന്നു, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി

ഫോട്ടോ : എം എ ശിവപ്രസാദ്
മേപ്പാടി : വയനാട്–കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ–-കള്ളാടി–-മേപ്പാടി തുരങ്കപാതയുടെ നിർമാണ സ്ഥലത്ത് മണ്ണിടിച്ചിലിൽ കാണാതായവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. പ്രദേശത്ത് മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. നാല് മേഖലകളായി തിരിച്ചാണ് തിരച്ചിൽ. അഞ്ചുപേരെയാണ് കാണാതായത്. എൻഡിആർഎഫിന്റെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിലാണ് തിരച്ചിൽ. പ്രദേശവാസികളും രക്ഷാദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്. തിരച്ചിലിനായി കഡാവർ നായ്ക്കളെ എത്തിച്ചേക്കും.
മേപ്പാടി–ചൂരൽമല പാതയിലെ കള്ളാടിയിൽ തുരങ്കപാത തുടങ്ങുന്ന മീനാക്ഷിപ്പാലത്തിന് സമീപം ചൊവ്വ പകൽ 11.15ഓടെ കനത്ത മഴയിലാണ് മണ്ണിടിഞ്ഞത്. പാതയ്‌ക്ക് മണ്ണെടുത്തതിന്റെ മുകൾഭാഗമാണ് ഇടിഞ്ഞത്. താഴെയുള്ള മൺതിട്ടകൾ ദുരന്തത്തിന്റെ വ്യാപ്‌തി കൂട്ടി. മൺകൂനകളുൾപ്പെടെ മേപ്പാടി–ചൂരൽമല റോഡിലേക്ക് ഒലിച്ചെത്തി. 18 തൊഴിലാളികൾ പ്രദേശത്തുണ്ടായിരുന്നു. ദുരന്തത്തിൽ സമീപത്തെ വീടും മീനാക്ഷിപ്പാലത്തിനരികിലെ താൽക്കാലിക നിസ്‌കാര പള്ളിയും തകർന്നു. അപകടത്തിൽ മൂന്നു തൊഴിലാളികൾ മരിച്ചു. പരിക്കേറ്റ എട്ടുപേരെ മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണ്ണിടിഞ്ഞതോടെ തൊഴിലാളികൾ താമസിച്ച ഷെഡ്ഡുകൾ ഇതിനടിയിലായി. ഓഫീസ് പ്രവർത്തിച്ച കണ്ടെയ്‌നറും മണ്ണിനടിയിലായി. വാഹനങ്ങൾ മഴവെള്ളപ്പാച്ചിലില്‍ ഒഴുകിനീങ്ങി. ബസ് സ്റ്റോപ്പിലും റോഡരികിലുമുണ്ടായിരുന്നവർ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. നിർത്തിയിട്ട ടാങ്കർ ലോറിയും തൊഴിലാളികളെ കൊണ്ടുവന്ന ബസും കുത്തിയൊലിച്ച വെള്ളത്തിലും മണ്ണിലും നിരങ്ങിനീങ്ങി. ബസ് മീനാക്ഷിപ്പുഴയിൽ വീണു. തിങ്കൾ രാവിലെ എട്ടുമുതൽ ചൊവ്വ രാവിലെ എട്ടുവരെ പദ്ധതി പ്രദേശം ഉൾപ്പെടുന്ന മേപ്പാടിയിൽ 266 മില്ലിമീറ്റർ മഴയാണ് പെയ്തത്.











0 comments