മേപ്പാടി മണ്ണിടിച്ചിൽ; 4 മേഖലകളാക്കി തിരിച്ച് രക്ഷാപ്രവര്‍ത്തനം, കണ്ടെത്താനുള്ളത് അഞ്ചുപേരെ

മേപ്പാടി : വയനാട്–കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ–-കള്ളാടി–-മേപ്പാടി തുരങ്കപാതയുടെ നിർമാണ സ്ഥലത്ത് മണ്ണിടിച്ചിലിൽ കാണാതായവർക്കായി ബുധനാഴ്‌ച പദ്ധതി പ്രദേശത്തെ നാല് മേഖലകളാക്കി തിരച്ചിൽ നടത്തും. എൻഡിആർഎഫിന്റെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിലായിരിക്കും തിരച്ചിൽ. മുഖ്യമന്ത്രി വി ഡി സതീശൻ അപകട മേഖലയിൽ എത്തും.
തുരങ്കപാതയുടെ മീനാക്ഷിയിലെ പദ്ധതി പ്രദേശത്ത് മണ്ണിടിഞ്ഞ വാർത്തയറിഞ്ഞ് നാട് ഞെട്ടി. അപകടവിവരം അറിഞ്ഞ് എത്തിയവരും പ്രദേശവാസികളും തൊഴിലാളികളും ചേർന്ന് രക്ഷാപ്രവർത്തനത്തനം ആരംഭിച്ചു. പിന്നാലെ മേപ്പാടി പൊലീസും കൽപ്പറ്റ അഗ്നിരക്ഷാ സേനയും എൻഡിആർഎഫ് സംഘവുമെത്തി. അപകടത്തിൽപ്പെട്ടവരെ രക്ഷിച്ച് മേപ്പാടിയിലെ സ്വകാര്യമെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പർ ലോറികളും എത്തിച്ച് മണ്ണുനീക്കിയായിരുന്നു രക്ഷാപ്രവർത്തനം. ടൗൺഷിപ്പ് നിർമാണ പ്രദേശത്തുനിന്നും ഉൗരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റി ആധുനിക മണ്ണുമാന്തി യന്ത്രങ്ങളും തൊഴിലാളികളെയും എത്തിച്ചു.
മൂന്ന് പുരുഷൻമാരുടെ മൃതദേഹമാണ് കണ്ടെടുത്തത്. മൂവരും അതിഥിതൊഴിലാളികളാണ്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്‌തു. മേപ്പാടിയിലെ സ്വകാര്യമെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചിരുന്ന ഒമ്പത് പേരിൽ രണ്ടുപേരെ വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തു. ചികിത്സയിലുള്ള ഏഴു പേരിൽ ഒരാൾ സൈറ്റ് എൻജിനിയറായ എറണാകുളം സ്വദേശിയാണ്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ അത്യാഹിത വിഭാഗത്തിലാണ്. ഒരാളുടെ തലയ്ക്കും രണ്ട് കാലിനും പൊട്ടലുണ്ട്. രണ്ടാമത്തെയാളുടെ കാലുകളും പൊട്ടിയിട്ടുണ്ട്.











0 comments