സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; 11 ജില്ലകളിൽ യെല്ലോ അലർട്ട്; വയനാട്ടിലും കോഴിക്കോടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു. വിവിധ ജില്ലകളിലായി മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
നാളെ അഞ്ച് ജില്ലകളിൽ (മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്) യെല്ലോ അലേർട്ട് തുടരും. മഴ ശക്തമായതിനെത്തുടർന്ന് ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മതപഠന കേന്ദ്രങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. എന്നാൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കില്ല. വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധി തുടരുമെന്ന് കളക്ടർ വ്യക്തമാക്കി.
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴ കനക്കാൻ കാരണം. കിഴക്കൻ മധ്യപ്രദേശിനും പരിസരപ്രദേശങ്ങൾക്കും മുകളിലായി ശക്തികൂടിയ മറ്റൊരു ന്യൂനമർദ്ദ മേഖലയും നിലനിൽക്കുന്നുണ്ട്. ജൂലൈ 10 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ ഇടത്തരം തോതിലോ മഴ തുടരുമെന്നാണ് പ്രവചനം.











0 comments