ad
Deshabhimani

ഇൻസ്റ്റാഗ്രാമിൽ കുട്ടികൾക്കെതിരായ ലൈംഗിക ഉള്ളടക്കം; 40 ലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്തെന്ന് മെറ്റ

Meta.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 08, 2026, 08:02 AM | 1 min read

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളുള്ള പരസ്യങ്ങൾ പ്രചരിച്ചെന്ന വാർത്തകളിൽ മറുപടിയുമായി മെറ്റ. അത്തരം ഉള്ളടക്കങ്ങൾക്ക് തങ്ങൾ ബോധപൂർവം അനുമതി നൽകിയിട്ടില്ലെന്ന് മെറ്റ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി.


ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ഉള്ളടക്കങ്ങൾ പ്ലാറ്റ്‌ഫോമിൽ അനുവദിക്കില്ലെന്നുമാണ് മെറ്റയുടെ നിലപാട്. 2025-ൽ മാത്രം ഇത്തരത്തിലുള്ള 40 ലക്ഷത്തോളം അക്കൗണ്ടുകൾ തങ്ങൾ നീക്കം ചെയ്തിട്ടുണ്ടെന്നും, വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കമ്പനി അറിയിച്ചു.


കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള നടപടികൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മെറ്റ വ്യക്തമാക്കി. ബിബിസി ഐ (BBC Eye) നടത്തിയ അന്വേഷണത്തിലാണ് ഇൻസ്റ്റാഗ്രാമിൽ ഇത്തരം നിയമവിരുദ്ധ പരസ്യങ്ങൾ പ്രചരിക്കുന്നതായി കണ്ടെത്തിയത്.


പണം നൽകിയുള്ള പരസ്യങ്ങളിലൂടെ കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങളിലേക്കും ടെലഗ്രാം ലിങ്കുകളിലേക്കും ഉപയോക്താക്കളെ നയിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.


വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, ലൈംഗിക സൂചനകളുള്ള ഉള്ളടക്കങ്ങൾ നിർദേശിക്കുന്ന പ്ലാറ്റ്‌ഫോമിന്റെ രീതിയും അന്വേഷണസംഘം ചൂണ്ടിക്കാട്ടി. ഒരാഴ്ചയ്ക്കിടെ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട 30-ഓളം പരസ്യങ്ങൾ കണ്ടെത്തിയതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.


ഇതിൽ ഒരു പരസ്യത്തിനെതിരെ പരാതിപ്പെട്ടപ്പോൾ അത് കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിക്കുന്നില്ലെന്ന വിചിത്രമായ മറുപടിയാണ് ഇൻസ്റ്റാഗ്രാമിൽ നിന്ന് ലഭിച്ചതെന്നും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചതോടെയാണ് മെറ്റ വിശദീകരണവുമായി രംഗത്തെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home