കരൂർ ദുരന്തം: മുഖ്യമന്ത്രി വിജയ്‌ക്കെതിരായ ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: തമിഴ്നാട്ടിലെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജോസഫ് വിജയ്, മന്ത്രി ആഥവ് അർജുന എന്നിവർക്കെതിരെ ഡിഎംകെ ജനറൽ സെക്രട്ടറി ആർഎസ് ഭാരതി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ആരോപിച്ച് ഇരുവർക്കുമെതിരെ നടപടി വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
എന്നാൽ, ഹർജിയിലെ ആവശ്യങ്ങൾ തള്ളിയ കോടതി, ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കണമെന്ന് ഡിഎംകെയോട് നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളും സന്ദർശനങ്ങളും കോടതി നിയന്ത്രിക്കണമെന്നാണോ ആഗ്രഹിക്കുന്നത്? ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലക്ക് ഏർപ്പെടുത്തണമെന്നാണോ കരുതുന്നതെന്നും കോടതി ചോദിച്ചു.
സിബിഐ അന്വേഷണം നടക്കുന്ന ഒരു വിഷയത്തിൽ, രാഷ്ട്രീയ എതിരാളിയുടെ പ്രസ്താവനകളുടെ പേരിൽ കോടതി എങ്ങനെ ഉത്തരവിടുമെന്നും ജസ്റ്റിസുമാർ ആരാഞ്ഞു. മുഖ്യമന്ത്രി വിജയ് ഈ കേസിൽ പ്രതിയല്ലെന്നും കോടതി വ്യക്തമാക്കിയതോടെ ഡിഎംകെ ഹർജി പിൻവലിക്കുകയായിരുന്നു.
2025 സെപ്റ്റംബറിൽ കരൂരിൽ നടന്ന ടിവികെ റാലിക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 41 പേർ ദാരുണമായി മരിച്ചത്. സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപവീതവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപവീതവും മുഖ്യമന്ത്രി വിജയ് ധനസഹായമായി പ്രഖ്യാപിച്ചിരുന്നു.









0 comments