അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി എസ്‌ഐടി

എ ഐ നിർമിത ചിത്രം
ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ വൻ സുരക്ഷാ വീഴ്ചകൾ നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) പ്രാഥമിക റിപ്പോർട്ട്. ജൂൺ 23-ന് സമർപ്പിച്ച റിപ്പോർട്ടിലാണ് അഴിമതിക്ക് വഴിയൊരുക്കിയ ഗുരുതരമായ വീഴ്ചകൾ എസ്‌ഐടി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ജീവനക്കാർ വസ്ത്രത്തിലും ഷൂസിലും പണം ഒളിപ്പിച്ച് കടത്തിയതായി കണ്ടെത്തി. ഏപ്രിൽ 27 മുതൽ ജൂൺ 5 വരെയുള്ള കാലയളവിൽ മാത്രം 70 തവണ ഇത്തരത്തിൽ മോഷണം നടന്നു.
നോട്ട് എണ്ണുന്ന മുറിയിൽ കൃത്യമായ മേൽനോട്ടമോ പരിശോധനയോ ഉണ്ടായിരുന്നില്ല. ജീവനക്കാരുടെ വസ്ത്രധാരണ രീതിയിൽ യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നില്ല. ഓരോ ഭണ്ഡാരത്തിലെയും തുക പ്രത്യേകം എണ്ണാനോ, നോട്ടുകൾ തരംതിരിച്ച് കണക്കെടുക്കാനോ തയ്യാറായില്ല.
ട്രസ്റ്റ് ഭാരവാഹികളുടെയോ ബാങ്ക് ഉദ്യോഗസ്ഥരുടെയോ ഭാഗത്തുനിന്ന് നിരീക്ഷണം ഉണ്ടായില്ല. ഏപ്രിൽ 27-ന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്തതിനാൽ, അതിനുമുമ്പുള്ള മോഷണങ്ങളെക്കുറിച്ച് വ്യക്തത വരുത്താൻ പ്രയാസമാണ്.
അതേസമയം, സംഭവത്തിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിക്ക് ഉത്തരവാദിത്വമുണ്ടെന്ന് ട്രഷറർ ഗോവിന്ദ് ഗിരി തുറന്നടിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്കും എസ്ബിഐ അധികൃതർക്കും ഈ വീഴ്ചയിൽ തുല്യ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച ട്രസ്റ്റിൽ നിന്ന് രാജിവെച്ച ചമ്പത്ത് റായ്, അന്വേഷണം പൂർത്തിയായാൽ സത്യം പുറത്തുവരുമെന്നും തന്റെ 45 വർഷത്തെ പൊതുജീവിതം സുതാര്യമാണെന്നും പ്രതികരിച്ചു.










0 comments