ad
Deshabhimani

‘മണ്ണും ചെളിയും മനുഷ്യരും ഒഴുകിയൊലിച്ചു’ ; ​​ദുരന്തം നേരിൽ കണ്ട നടുക്കത്തിൽ നാട്ടുകാർ

meppadi landslide 1
വെബ് ഡെസ്ക്

Published on Jul 08, 2026, 07:55 AM | 2 min read

കള്ളാടി : ‘നിമിഷങ്ങൾക്കുള്ളിലാണ്‌ മണ്ണ്‌ റോഡിലേക്ക്‌ പതിച്ചത്‌. പെരുമഴയത്ത്‌ വാഹനങ്ങളും മണ്ണും ചെളിയും മീറ്ററുകൾ ഒഴുകിയൊലിച്ചു. ചെളിവെള്ളം കുത്തിയൊലിച്ച്‌ ഞങ്ങളുടെ കടയുടെ നേരെയെത്തി. റോഡിലുള്ളവർ പ്രാണനുമായോടി ’– കള്ളാടി മണ്ണിടിച്ചിൽ നേരിൽക്കണ്ട ഭീതിയാണ്‌ സമീപത്തെ ഭക്ഷണശാലയിലെ വി സി ആഷിഖിന്റെ വാക്കുകളിൽ. ആഷിഖും സഹപ്രവർത്തകരും ജോലിചെയ്യുന്നതിനിടെയാണ്‌ ഭക്ഷണശാലയുടെ മുറ്റംവരെ മണ്ണും ചെളിയും മനുഷ്യരും ഒഴുകിയെത്തിയത്‌. നാട്ടുകാരും ഭക്ഷണശാലയിലെ തൊഴിലാളികളുമാണ്‌ ആദ്യം രക്ഷാപ്രവർത്തനത്തിന്‌ മുന്നിട്ടിറങ്ങിയത്‌. ‘നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്‌ കെഎസ്‌ആർടിസി ബസ് മീനാക്ഷി പാലം കടന്നുപോയത്‌. ബസ്‌ പോയ ഉടൻ പാലം മണ്ണുമൂടി. പാലത്തിനുമുകളിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തതിനാലാണ്‌ വലിയ അപകടം ഒഴിവായത്‌’– ആഷിഖ്‌ പറഞ്ഞു. ഭക്ഷണശാലയിൽനിന്നുമുള്ള സിസിടിവി ദൃശ്യങ്ങളാണ്‌ അപകടത്തിന്റെ വ്യാപ്‌തി പുറത്തെത്തിച്ചത്‌.

ഞെട്ടൽ മാറാതെ മരിയദാസ്


ദുരന്തത്തിന്റെ ഞെട്ടലിലാണ് മീനാക്ഷി വിലാസം എസ്‌റ്റേറ്റിലെ തൊഴിലാളി മരിയദാസ്. കനത്ത മഴയായതിനാൽ ഏലത്തോട്ടത്തിൽ ജോലിയില്ലാത്തതിനാൽ പാടിയിലായിരുന്നു. ഇവിടേക്ക്‌ രക്ഷാപ്രവർത്തകരെത്തുമ്പോഴാണ്‌ മണ്ണിടിച്ചിലുണ്ടായത്‌ മരിയദാസ് അറിയുന്നത്. മണ്ണിടിഞ്ഞിടത്തുനിന്ന്‌ ഒരുകിലോമീറ്റർ അകലെയാണ്‌ മരിയദാസിന്റേതടക്കം 23 കുടുംബങ്ങൾ താമസിക്കുന്ന മീനാക്ഷി എസ്‌റ്റേറ്റ്. കൊൽക്കത്തയിൽനിന്നുള്ള രണ്ട്‌ കുടുംബങ്ങളുമുണ്ട്. ‘ദുരന്തമുണ്ടായെന്ന് അറിഞ്ഞപ്പോൾ കള്ളാടി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളെക്കുറിച്ചായിരുന്നു ആധി. എല്ലാവരും സുരക്ഷിതരാണെന്ന് അറിഞ്ഞപ്പോൾ സമാധാനമായി. രണ്ട് ദിവസമായി ഇവിടെ കനത്ത മഴയായിരുന്നു’–മരിയദാസ് പറഞ്ഞു.


മണ്ണിടിഞ്ഞ്‌ മണിക്കൂറുകൾക്കുശേഷമാണ് രക്ഷാപ്രവർത്തകർക്ക് മീനാക്ഷി എസ്റ്റേറ്റിലേക്കെത്താനായത്. മണ്ണ് അടിഞ്ഞ റോഡിലൂടെ വളരെ ശ്രമകരമായാണ് എസ്റ്റേറ്റ് പാടിയിലേക്കെത്തിയത്. തുടർന്ന്‌ കുടുംബങ്ങളെ താഴെ ചൂരൽമല- മേപ്പാടി റോഡിലേക്കെത്തിച്ചു. കൈക്കുഞ്ഞുങ്ങളെ അടക്കമെടുത്താണ് ചെളിനിറഞ്ഞ റോഡിലൂടെ സാഹസപ്പെട്ട്‌ രക്ഷാപ്രവർത്തകർക്കൊപ്പം സുരക്ഷിത സ്ഥാനത്തേക്കെത്തിയത്. കുടുംബങ്ങളെ ആംബുലൻസുകളിൽ ആദ്യം ചുളിക്ക ഗവ. എൽപി സ്കൂളിലെ താൽക്കാലിക ക്യാമ്പിലേക്കാണ് മാറ്റിയത്. വൈകിട്ടോടെ താഞ്ഞിലോട് ഗവ. പോളിടെക്നിക് കോളജിലെ ക്യാമ്പിലാക്കി.


നടുക്കം മാറാതെ സിനാൻ


ദുരന്തത്തിൽനിന്ന്‌ രക്ഷപ്പെട്ട പത്തുവയസുകാരൻ സിനാന്‌ ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. കൂട്ടുകാരൻ ഹാലിനൊടൊപ്പം വീടിനകത്ത്‌ കളിക്കുകയായിരുന്നു സിനാൻ. പകൽ 11ഓടെ ശബ്‌ദംകേട്ട്‌ വീടിന്‌ മുറ്റത്തിറങ്ങിയപ്പോൾ തൊട്ടടുത്തുള്ള തുരങ്കപാത പദ്ധതി പ്രദേശത്തുനിന്ന്‌ ശക്തിയായി മണ്ണിടിഞ്ഞിറങ്ങുന്നതാണ്‌ കണ്ടതെന്ന്‌ സിനാൻ പറയുന്നു. നിർമാണത്തിന്റെ ഭാഗമായ ചെറിയ അപകടമാണെന്നാണ്‌ ആദ്യം കരുതിയത്‌. അഞ്ച്‌ മിനിറ്റിനുള്ളിൽ വലിയ ശബ്‌ദത്തോടെ വീണ്ടും മണ്ണിടിഞ്ഞിറങ്ങി.


തൊഴിലാളികൾ പലരും ഒലിച്ചെത്തിയ മണ്ണിൽ തെറിച്ചുവീഴുന്നുണ്ടായിരുന്നു. ഒരുപാട്‌ പേർ നിലവിളിച്ച്‌ ഓടുന്നതും കണ്ടു. നിർത്തിയിട്ടിരുന്ന ബസ്‌ തെറിച്ച്‌ പുഴയിൽ വീണു. പാലത്തിലുണ്ടായിരുന്ന ടാങ്കർ ലോറി പിറകോട്ട്‌ ശക്തിയായി നിരങ്ങിവരുന്നതും കണ്ടു. ഇതുകണ്ട്‌ ഭയന്ന്‌ കൂട്ടുകാരൻ ഹാലിനൊടൊപ്പം സമീപത്തെ തേയിലത്തോട്ടത്തിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും സിനാൻ പറയുന്നു. ദുരന്തസമയത്ത്‌ ഉപ്പുപ്പ തച്ചംകോടൻ ഹംസയും ഉമ്മുമ്മ റംലയുമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. ഇരുവരും കുട്ടികളോടൊപ്പം ഓടിരക്ഷപ്പെടുകയായിരുന്നു. ഉമ്മ സ‍ൗഫിയ ജോലിക്ക്‌ പോയതായിരുന്നു. മേപ്പാടി ജിവിഎച്ച്‌എസിൽ അഞ്ചാം ക്ലാസ്‌ വിദ്യാർഥിയാണ്‌ സിനാൻ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home