ad
Deshabhimani

ഗുരുഗ്രാമിൽ മഴക്കെടുതി രൂക്ഷം; റോഡ് തകർന്നു, ഗതാഗതം സ്തംഭിച്ചു; വർക്ക് ഫ്രം ഹോം നിർദ്ദേശവുമായി പൊലീസ്

Gurugram.jpg

ഗുരുഗ്രാമിൽ കനത്ത മഴയിൽ റോഡ് തകർന്നതിനെത്തുടർന്നുണ്ടായ ഗതാഗതതടസം

വെബ് ഡെസ്ക്

Published on Jul 08, 2026, 07:28 AM | 1 min read

ഗുരുഗ്രാം: കനത്ത മഴയെത്തുടർന്ന് ഗുരുഗ്രാം നഗരം സ്തംഭിച്ചു. ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകൾ തകരുകയും വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ഡൽഹി-ജയ്പൂർ ദേശീയപാതയിൽ നർസിംഗ്പൂരിൽ റോഡ് ഇടിഞ്ഞുതാഴ്ന്നത് ഗതാഗതത്തെ സാരമായി ബാധിച്ചു.


ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മുതൽ 4 വരെ പെയ്ത മഴയിലാണ് നഗരം മുങ്ങിയത്. ഏകദേശം 82 മി.മീ മഴയാണ് രേഖപ്പെടുത്തിയത്. റോഡ് ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് ദേശീയപാതയിൽ എട്ട് കിലോമീറ്ററോളം ദൂരത്തിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നു.


ഹീറോ ഹോണ്ട ചൗക്ക് മുതൽ ഖേർകി ദൗള ടോൾ പ്ലാസ വരെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഡ്രെയിനേജ് പൈപ്പുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മണ്ണ് ഇളകിയതാണ് റോഡ് തകരാൻ കാരണമായതെന്ന് കരുതപ്പെടുന്നു.


പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, സ്കൂൾ ബസ് ഓവുചാലിൽ വീഴുന്നതുൾപ്പെടെയുള്ള അപകടങ്ങൾ ഉണ്ടായി. സ്ഥിതി അതീവ ഗുരുതരമായ സാഹചര്യത്തിൽ ഗുരുഗ്രാം പൊലീസ് ഗതാഗത ഉപദേശം പുറപ്പെടുവിച്ചു.


ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിട്ട പൊലീസ്, യാത്രക്കാർക്ക് പകരം വഴികൾ നിർദ്ദേശിച്ചു. കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' സൗകര്യം നൽകാൻ കോർപ്പറേറ്റ് മേഖലയോട് പൊലീസ് അഭ്യർത്ഥിച്ചു.


അടുത്ത കുറച്ചു ദിവസത്തേക്ക് ഇത് തുടരണമെന്നാണ് നിർദ്ദേശം. ഹീറോ ഹോണ്ട ചൗക്ക്, രാജീവ് ചൗക്ക്, ഇഫ്‌കോ ചൗക്ക്, സോഹ്‌ന റോഡ്, ഗോൾഫ് കോഴ്‌സ് എക്സ്റ്റൻഷൻ റോഡ് തുടങ്ങിയ പ്രധാന ഇടങ്ങളിലെല്ലാം ഗതാഗതം ഏറെ വൈകിയാണ് നീങ്ങുന്നത്. റോഡ് അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെങ്കിലും പൂർണ്ണമായും ഗതാഗതയോഗ്യമാകാൻ ഇനിയും സമയമെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home