ad
Deshabhimani

വിദ്യാർഥികൾക്ക് ആർത്തവ അവധി: നാണക്കേടാണെന്ന് ശ്രീലേഖ, സ്വകാര്യതയില്ലെന്ന് നൂർബിന റഷീദ്; എതിർപ്പുമായി ഉമ തോമസും

sreelekha noorbina uma thomas

ആർ ശ്രീലേഖ, നൂർബിന റഷീദ്, ഉമ തോമസ്

വെബ് ഡെസ്ക്

Published on May 31, 2026, 12:51 PM | 2 min read

തിരുവനന്തപുരം : സ്കൂൾ വിദ്യാർഥികൾക്ക് മൂന്നുദിവസം വരെ ആർത്തവ അവധി അനുവദിക്കാമെന്ന സർക്കാർ പ്രഖ്യാപനത്തിനു പിന്നാലെ വിമർ‌ശനവുമായി യുഡിഎഫിൽ നിന്നടക്കമുള്ള വനിത നേതാക്കൾ. യുഡിഎഫ് നേതാക്കൾക്കു പുറമെ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖയും രം​ഗത്തെത്തി. യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിച്ച് മുന്നണിയിലെ തന്നെ വനിത നേതാക്കളാണ് രം​ഗത്തെത്തിയത്.


ആർത്തവ അവധി പ്രഖ്യാപിക്കുന്നത് പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് വനിത ലീ​ഗ് നേതാവായ നൂർബിന റഷീദ് പറഞ്ഞത്. ആർത്തവ അവധി പ്രഖ്യാപിക്കുന്നത് പെൺകുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളോടുള്ള കരുതലായി കാണാമെങ്കിലും, അത് പ്രായോഗികമായി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കാം. സ്കൂളുകളിലും കോളേജുകളിലും ആർത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോൾ ആർത്തവ ദിവസങ്ങൾ പരസ്യമാകാൻ സാധ്യതയുണ്ട്. ഇത് പല കുട്ടികൾക്കും അനാവശ്യമായ മാനസിക അസ്വസ്ഥത ഉണ്ടാക്കിയേക്കാം. അതിനാൽ, പെൺകുട്ടികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നായിരുന്നു നൂർബിന റഷീദിന്റെ പരാമർശം.


ആർത്തവം ദൈവികമായ ഒന്നാണെന്നും മാറ്റിനിർത്തേണ്ട കാര്യമൊന്നുമല്ലെന്നുമായിരുന്നു തൃക്കാക്കര എംഎൽഎ ഉമ തോമസിന്റ പ്രതികരണം. ആർത്തവ അവധി നൽകുമ്പോൾ കൗമാരക്കാർക്കിടയിൽ വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപിക്കപ്പെടാനും സാധ്യതയുണ്ടെന്നും ഉമ തോമസ് പറഞ്ഞു.


ആർത്തവ അവധി അനുവദിക്കുന്നത് നാണക്കേടാണെന്നായിരുന്നു ആർ ശ്രീലേഖയുടെ പ്രതികരണം. ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ നാട്ടുകാർ അറിയുമെന്നും ഇത് നാണക്കേടാണെന്നുമാണ് ശ്രീലേഖ പറഞ്ഞത്. ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതിൽ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലർക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാൻ ഒരിക്കൽ പോലും ഈ കാരണം പറഞ്ഞു സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല. IPS പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് ആ ദിവസങ്ങളിൽ ഞങ്ങൾ പെൺകുട്ടികൾ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോൾ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ്‌ സ്ത്രീകളുടെ ശക്തി! എന്നാൽ ഇപ്പോൾ മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്! ഇതാണോ menstrual dignity? നാണക്കേടല്ലേ?- എന്നാണ് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home