ad
Deshabhimani

print edition മെഡിസെപ്‌ പദ്ധതി; ‘പട്ടികയിൽ ആശുപത്രി ഇല്ലെങ്കിലും രോഗിക്ക്‌ ഇൻഷുറൻസിന്‌ അർഹത’

medisep
വെബ് ഡെസ്ക്

Published on Jul 30, 2026, 01:25 AM | 1 min read

കൊച്ചി: മെഡിസെപ് പദ്ധതിയുടെ പട്ടികയിൽ ഉൾപ്പെടാത്ത ആശുപത്രിയിൽ ചികിത്സ തേടിയാലും ഇൻഷുറൻസ് ക്ലെയിം നിരസിക്കാനാകില്ലെന്ന് ഹൈക്കോടതി. ചികിത്സയുടെ അടിയന്തര സ്വഭാവവും ചെലവഴിച്ച തുകയുടെ വ്യക്തമായ തെളിവുകളും പരിശോധിച്ച് മെഡിസെപ് ആനുകൂല്യം നൽകുന്നതിൽ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി.


പൊലീസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ കൊട്ടാരക്കര സ്വദേശി അനിൽ കുമാർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

അർബുദ ബാധിതനായ അനിൽ കുമാറിന് വിദഗ്‌ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി പൊലീസ് വകുപ്പിൽനിന്ന്‌ മുൻകൂട്ടി അനുമതി ലഭിച്ചിരുന്നു. ഒരു കോടിയോളം രൂപ ചികിത്സയ്ക്ക്‌ ചെലവായി. ആദ്യം ചികിത്സ തേടിയ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് മതിയായ സൗകര്യമില്ലാത്തതിനാൽ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു.


എന്നാൽ, ഈ ആശുപത്രി മെഡിസെപ് ഇൻഷുറൻസിൽ എംപാനൽ ചെയ്തതല്ലെന്ന കാരണത്താൽ ഇൻഷുറൻസ് അധികൃതർ ക്ലെയിം അപേക്ഷ തള്ളി. വർഷങ്ങളായി ഇൻഷുറൻസ് പ്രീമിയം തുക കൃത്യമായി അടയ്ക്കുന്ന ജീവനക്കാരനാണെന്നും അർഹമായ ആനുകൂല്യം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തടയുന്നത് ന്യായമല്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.


അടിയന്തരഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ മികച്ച ചികിത്സ തേടേണ്ടിവരുമ്പോൾ, ആശുപത്രി ഇൻഷുറൻസ് പാനലിൽ ഉണ്ടോ എന്നത് മാത്രം നോക്കി ക്ലെയിം നിരസിക്കരുതെന്ന് കോടതി വ്യക്തമാക്കി. എംപാനൽ ചെയ്ത ആശുപത്രിയിൽ സൗകര്യമില്ലാതിരുന്നതുകൊണ്ട്‌ ശസ്ത്രക്രിയക്കടക്കം വിദഗ്ധസൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് പോകേണ്ടിവന്നതടക്കമുള്ള സാഹചര്യം ഹർജിക്കാരൻ വ്യക്തമാക്കിയിരുന്നു.


അതിനാൽ, എംപാനൽ ചെയ്തിട്ടില്ല എന്ന ഒറ്റക്കാരണത്താൽ അപേക്ഷ തള്ളാനാകില്ല. ഹാജരാക്കിയ ബില്ലുകളുടെ വിശ്വസനീയതയും ചികിത്സയുടെ നിജസ്ഥിതിയും പരിഗണിച്ച്, അർഹമായ തുക നൽകുന്നതിൽ അനുകൂല തീരുമാനമെടുക്കാൻ മെഡിസെപ് ജില്ലാ അധികൃതർക്ക് കോടതി നിർദേശം നൽകി. തീരുമാനമെടുത്തശേഷം ഒരു മാസത്തിനുളിൽ അർഹമായ മുഴുവൻ തുകയും ഹർജിക്കാരന്‌ നൽകാനും ഉത്തരവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home