ഇസിഎച്ച്‌എസ് ക്ലിനിക്കുകളിൽ മരുന്നില്ല ; വിമുക്തഭടൻമാരോട് കേന്ദ്രത്തിന്റെ ക്രൂരത

തിരുവനന്തപുരം :
സോഫ്‌റ്റ്‌വെയർ അപ്‌ഡേഷന്റെ പേരിൽ വിമുക്ത ഭടൻമാർക്കുള്ള മരുന്ന് കൃത്യമായി വിതരണം ചെയ്യാതെ എക്സ് സർവീസ്‌മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിന് (ഇസിഎച്ച്‌എസ്) കീഴിലുള്ള ക്ലിനിക്കുകൾ. ചികിത്സയ്ക്ക് എത്തുന്നവർക്ക് ഒരു മാസത്തേക്കുള്ള മരുന്നുവരെ കൊടുക്കുമായിരുന്നു. ഇപ്പോൾ പരമാവധി 10 ദിവസത്തെ മരുന്ന് മാത്രമാണ് നൽകുന്നത്.
സോഫ്‌റ്റ്‌വെയർ മാറ്റി പുതിയ അപ്‌ഡേഷൻ നടക്കുന്നതിനാൽ മരുന്ന് കുറിപ്പടികൾ കൃത്യമായി അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ലെന്നാണ് വാദം. അപ്‌ലോഡ് ചെയ്യുന്ന മരുന്ന് കുറിപ്പടികൾ ഉൾപ്പെടെയുള്ള രേഖകൾ നിലവിൽ എങ്ങനെ നഷ്ടമാകുന്നുവെന്നും ഉദ്യോഗസ്ഥർക്കും അറിയില്ല. സാങ്കേതികപ്രശ്നം പരിഹരിച്ച് ഇവ തിരികെ ലഭ്യമാക്കാൻ നടപടിയുണ്ടാകുമോയെന്നും ഉറപ്പില്ല. എന്നാൽ ക്ലിനിക്കുകളിൽ മരുന്നുക്ഷാമം രൂക്ഷമാണെന്നാണ് പ്രാഥമിക വിവരം.
പരാതിയുമായെത്തിയ വിമുക്തഭടൻമാരോട് പുറത്തുനിന്ന് മരുന്ന് വാങ്ങി ഉപയോഗിക്കാനാണ് അധികൃതരുടെ നിർദേശം. ചെലവാകുന്ന തുക പിന്നീട് നൽകാമെന്നാണ് വാഗ്ദാനം. കഴിഞ്ഞ ഏപ്രിൽ 26 മുതലാണ് സോഫ്‌റ്റ്‌വെയർ അപ്‌ഡേഷൻ ആരംഭിച്ചത്. അന്ന് ആരംഭിച്ച പ്രശ്നം രണ്ടാഴ്ചയായിട്ടും തുടരുന്നു. കേന്ദ്ര ഇലക്‌ട്രോണിക്സ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് തയ്യാറാക്കിയ സോഫ്‌റ്റ്‌വെയർ സംവിധാനമാണ് ഇസിഎച്ച്‌എസിനുള്ളത്. ഇത് കേന്ദ്രത്തിന്റെ തന്നെ സി ഡാക് രൂപപ്പെടുത്തിയ പുതിയ സംവിധാനത്തിലേക്ക് മാറ്റുന്ന നടപടിയാണ് രണ്ടാഴ്ചയായി നടക്കുന്നത്. രാജ്യവ്യാപകമായി മരുന്ന് വിതരണം സംബന്ധിച്ച് പരാതികൾ ഉയരുകയാണ്. ബുധൻ വൈകിട്ടോടെ ഇസിഎച്ച്‌എസ് വെബ്‌സൈറ്റും പണിമുടക്കി. ഇതിനിടെ പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികൾക്ക് കേന്ദ്രം കൃത്യമായി പണം നൽകുന്നില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിമുക്തഭടൻമാരും ആശ്രിതരുമടക്കം അരക്കോടിയിലധികം പേർ അംഗങ്ങളായ പദ്ധതിയാണിത്.











0 comments