ad
Deshabhimani

മലപ്പുറത്ത് ചേലാകർമത്തിലെ ചികിത്സാ പിഴവ്; 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Surgery

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 09, 2026, 07:58 PM | 1 min read

മലപ്പുറം: മലപ്പുറം പെരുമ്പടപ്പിലെ ചേലാകർമത്തിലെ ചികിത്സാ പിഴവിൽ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. കെ മോഹൻദാസ് പ്രസിഡന്റും, പ്രീതി ശിവരാമൻ, മുഹമ്മദ് ഇസ്മായിൽ സി‌ വി എന്നിവർ അംഗങ്ങളുമായ കമ്മീഷന്റേതാണ് വിധി. കുട്ടി അനുഭവിക്കുന്ന ദുരന്തത്തിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപയും ഭാവിയിലെ ശസ്ത്രക്രിയകൾക്കും ചികിത്സാ ചെലവുകൾക്കുമായി 25 ലക്ഷം രൂപയുമാണ് നൽകേണ്ടത്. കോടതി ചെലവിലേക്ക് 25,000 രൂപയും നൽകണം. ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനകം ഈ തുക പരാതിക്കാർക്ക് നൽകണം. വീഴ്ച വരുത്തിയാൽ പരാതി നൽകിയ തീയതി മുതൽ 9 ശതമാനം പലിശ സഹിതം തുക ഈടാക്കുമെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.


23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകർമത്തിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്. 2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേലാകർമത്തിന് ശേഷം അണുബാധയേറ്റ് പഴുപ്പ് ബാധിച്ച കുഞ്ഞിനെ തൃശൂർ അമലാ ആശുപത്രിയിലും തുടർന്ന് ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു. ഭാവിയിൽ ശസ്ത്രക്രിയകൾ ആവശ്യമാണെന്ന് നിർദേശിച്ചായിരുന്നു അന്ന് കുട്ടിയെ ഡിസ്ചാർജ് ചെയ്തത്.


കുട്ടിക്ക് അണുബാധയ്ക്ക് കാരണമായത് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രിയിൽ ഇല്ലായിരുന്നുവെന്നും ഡോക്ടറുടെ പരിചയക്കുറവുമാണെന്ന് കണ്ടെത്തിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും ആരോഗ്യ വിജിലൻസും നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറുടെ പരിചയക്കുറവ് കണ്ടെത്തിയത്. തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് താൽക്കാലികാശ്വാസമായി രണ്ട് ലക്ഷം രൂപ നൽകാനും സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ആശുപത്രിയുടെ ശുചിത്വമില്ലായ്മയും ഉപകരണങ്ങളുടെ അശാസ്ത്രീയമായ ഉപയോഗവും കാരണം കുട്ടിക്ക് ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടി വരുന്ന ദുരിതം മുൻനിർത്തിയായിരുന്നു കമ്മീഷന്റെ നടപടി.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home