വർഗീയ കൂട്ടുകെട്ടിന്‌ മാധ്യമങ്ങളുടെ വാഴ്‌ത്തുപാട്ട്‌

medias on nilambur election
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Jun 25, 2025, 02:48 AM | 1 min read


തിരുവനന്തപുരം

വർഗീയ, തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടി നിലമ്പൂരിൽ യുഡിഎഫ്‌ നേടിയ വിജയത്തെ വാഴ്‌ത്തി ഒരു വിഭാഗം മാധ്യമങ്ങൾ. ഒരു വർഗീയ കക്ഷിയുടെയും വോട്ടുവേണ്ടെന്ന്‌ പറഞ്ഞ്‌ രാഷ്ട്രീയ പോരാട്ടം നടത്തിയ എൽഡിഎഫിന്റെ പരാജയം ആഘോഷിക്കുകയാണ്‌ ഈ മാധ്യമങ്ങൾ.


നിലമ്പൂർ ഫലത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം മറച്ചുവച്ച്‌ സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണെന്ന്‌ വരുത്താനുള്ള ശ്രമമാണ്‌ യുഡിഎഫ്‌ പത്രം നടത്തിയത്‌. ജമാ അത്തെ ഇസ്ലാമി പിന്തുണച്ചതും എസ്‌ഡിപിഐ വോട്ട്‌ നൽകിയതും യുഡിഎഫിനാണെന്ന്‌ ഈ മാധ്യമങ്ങൾ മറച്ചുവച്ചു. ബിജെപി വോട്ട്‌ മറിച്ചെന്ന്‌ സ്ഥാനാർഥിതന്നെ സമ്മതിച്ചതും പൂഴ്‌ത്തിവച്ചു. മുൻതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ എൽഡിഎഫിന്‌ വോട്ടുകുറഞ്ഞെന്ന്‌ പറഞ്ഞ മാധ്യമങ്ങൾ യുഡിഎഫിനും വോട്ടുകുറഞ്ഞത്‌ മൂടിവച്ചു. എൽഡിഎഫ്‌ സിറ്റിങ്‌ സീറ്റ്‌ യുഡിഎഫ്‌ പിടിച്ചെന്ന നിലയിൽ ആഘോഷമാക്കാനാണ്‌ ശ്രമിച്ചത്‌.


മൂന്നര പതിറ്റാണ്ട്‌ യുഡിഎഫ്‌ വിജയിച്ച മണ്ഡലത്തിൽ സ്വതന്ത്രനെ നിർത്തിയുള്ള പരീക്ഷണത്തിലൂടെയാണ്‌ രണ്ടുതവണ എൽഡിഎഫിന്‌ വിജയിക്കാനായത്‌. സ്വതന്ത്രൻ രാജിവച്ച്‌ മത്സരിച്ചിട്ടും എൽഡിഎഫിന്റെ അടിസ്ഥാന വോട്ടിൽ കുറവുണ്ടായില്ല എന്ന യാഥാർഥ്യം വിസ്‌മരിച്ചു. യുഡിഎഫ്‌ വിജയം ആഘോഷിച്ച മാതൃഭൂമിക്ക്‌ പക്ഷേ, മുഖപ്രസംഗത്തിൽ ഈ വസ്‌തുത തുറന്നുപറയേണ്ടിവന്നു. നിലമ്പൂർ അടിസ്ഥാനപരമായി യുഡിഎഫ്‌ മണ്ഡലമാണെന്നും ആ നാടിന്റെ മുഖവും മനസ്സും കോൺഗ്രസാണെന്നും സംസ്ഥാന തലത്തിലെ രാഷ്ട്രീയ വികാരത്തിന്റെ സൂചനയായി നിലമ്പൂർ ഫലത്തെ കാണാനാകില്ലെന്നുമാണ്‌ മുഖപ്രസംഗത്തിലെ വാചകങ്ങൾ. മാസങ്ങൾക്കുമുമ്പുമാത്രം നടന്ന പാർലമെന്റ്‌ ഉപതെരഞ്ഞെടുപ്പിൽ നേടിയ 29,915 വോട്ടിൽനിന്നാണ്‌ 66,660 ആയി എൽഡിഎഫ്‌ വോട്ട്‌ വർധിച്ചതെന്നതും ഈ മാധ്യമങ്ങൾ കണ്ടില്ല.


ഇടത്‌ ഹിന്ദുത്വ രാഷ്ട്രീയമാണ്‌ നിലമ്പൂരിൽ മത്സരിച്ചതെന്ന്‌ ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമങ്ങൾ വിശേഷിപ്പിക്കുമ്പോൾ മുസ്ലീങ്ങളെ പ്രീണിപ്പിക്കാനാണ്‌ എൽഡിഎഫ്‌ ശ്രമിച്ചതെന്നാണ്‌ ആർഎസ്‌എസ്‌ അനുകൂലികളുടെ ആരോപണം. രണ്ടു വർഗീയ ശക്തികളും എൽഡിഎഫിനെതിരെ യോജിച്ചുവെന്നാണ്‌ ഇതിൽനിന്നും വ്യക്തമാകുന്നത്‌. ഇടതുപക്ഷ വിരുദ്ധ ശക്തികളെ യോജിപ്പിച്ചും എല്ലാത്തരം വർഗീയതയെയും കൂടെക്കൂട്ടിയുമാണ്‌ യുഡിഎഫ്‌ മത്സരിച്ചത്. ഇതിനെ വെള്ളപൂശാനാണ്‌ മാധ്യമശ്രമം.



deshabhimani section

Related News

View More
0 comments
Sort by

Home