print edition ധവളപത്രത്തിൽ മയങ്ങി മാധ്യമങ്ങൾ അപകടം മറച്ച് വാഴ്‌ത്തുപാട്ട്

തിരുവനന്തപുരം: ധവളപത്രത്തിലൂടെ യുഡിഎഫ് സർക്കാർ ലക്ഷ്യമിട്ട ഗൂഢരാഷ്‌ട്രീയ പ്രചാരണം ഏറ്റെടുത്ത ഭൂരിപക്ഷം മാധ്യമങ്ങളും സ്വകാര്യവൽക്കരണമുൾപ്പെടെയുള്ള അപകടങ്ങളെ മറച്ചു. കടത്തിലേക്ക് തള്ളി, സർക്കാർ ജീവനക്കാർക്കും കരാറുകാർക്കും കുടിശ്ശികയിട്ടു, കിഫ്‌ബി വൻ ബാധ്യതയായി എന്നിങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതും അർധസത്യങ്ങൾ നിറഞ്ഞതുമായ കാര്യങ്ങൾക്കാണിവർ പ്രാധാന്യം നൽകിയത്. എൽഡിഎഫിനെ ആക്രമിക്കാനും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽനിന്ന് പിന്മാറാനും മുഖ്യമന്ത്രി കണ്ടെത്തിയ സൂത്രവിദ്യകളെ കണ്ടില്ലെന്ന് നടിച്ച പല മുഖ്യധാര മാധ്യമങ്ങളും സതീശനെ വാഴ്‌ത്താൻ മത്സരിക്കുന്നു.
സർക്കാരുകൾ മാറുമ്പോൾ സ്വാഭാവികമായി ഉണ്ടാകാവുന്ന ബാധ്യതകൾപോലും ഇപ്പോഴില്ലെന്നതാണ് വസ്തുത. കിഫ്‌ബി നിർമാണം പൂർത്തിയാക്കിയ ആസ്തിയുമായി താരതമ്യം ചെയ്താൽ ബാധ്യതയെക്കുറിച്ച് ആശങ്കയ്ക്ക് അടിസ്ഥാനമേയില്ല. നിയമപ്രകാരമുള്ള നികുതിവിഹിതം കൃത്യമായി അടച്ചാൽമതി.
രാജ്യത്തിന്റെയും മറ്റ് സംസ്ഥാനങ്ങളുടെയും കടബാധ്യതയെ കുറിച്ച് അറിയാത്ത മാധ്യമങ്ങളല്ല കേരളം അപകടത്തിലാണെന്ന് സതീശനൊപ്പംനിന്ന് കൂവുന്നത്. ജിഡിപി അനുപാതത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ രാജ്യത്തിന്റെയും എട്ട് സംസ്ഥാനങ്ങളുടെയും കടബാധ്യത കേരളത്തേക്കാൾ എത്രയോ മുകളിലാണെന്ന സത്യം ധവളപത്രവും മാധ്യമങ്ങളും മുക്കി. 2011–16 ലെ യുഡിഎഫ് സർക്കാർ ഒഴിയുമ്പോഴുണ്ടായിരുന്ന കടബാധ്യതകളും നീക്കിയിരിപ്പും കൂടി ധവളപത്രത്തിൽ പറഞ്ഞിരുന്നെങ്കിൽ തെറ്റിദ്ധരിപ്പിക്കാനാകുമായിരുന്നില്ല. ജിഡിപിയുടെ 32.22 ശതമാനമാണ് ഇപ്പോൾ കടബാധ്യതയെങ്കിൽ യുഡിഎഫ് സർക്കാർ ഒഴിയുമ്പോൾ പബ്ലിക് അക്കൗണ്ടിലെ കടം കൂട്ടാതെ തന്നെ 42 ശതമാനമായിരുന്നു.
കെഎസ്‌ഇബി, കെഎസ്‌ആർടിസി, വാട്ടർഅതോറിറ്റി ഉൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതുവഴി ജനങ്ങൾക്കുണ്ടാകാൻ പോകുന്ന അധികഭാരം, വിരമിക്കൽ പ്രായം കൂട്ടുകവഴി ലക്ഷക്കണക്കിന് യുവജനങ്ങൾക്ക് നഷ്ടമാകുന്ന പ്രതീക്ഷ, ക്ഷേമപെൻഷൻ വീട്ടിലെന്നല്ല അക്കൗണ്ട് വഴിയും ലഭിക്കുമോയെന്ന അവസ്ഥ, ജീവനക്കാരെയും അധ്യാപകരെയും കൈകാര്യം ചെയ്യുന്ന വിധം, അർഹമായ വിഹിതം വർഷങ്ങളായി തടഞ്ഞുവയ്ക്കുന്ന കേന്ദ്രസർക്കാരിനെ പേരിനുപോലും പരാമർശിക്കാതിരിക്കുക തുടങ്ങിയ വിഷയങ്ങളിലൊന്നും മാധ്യമങ്ങൾക്ക് പ്രതികരണമില്ല. കാരണം, ധവളപത്രത്തിന്റെ രാഷ്‌ട്രീയം തന്നെ മുൻസർക്കാരിനെ പഴിച്ച് വാഗ്-ദാനങ്ങളിൽനിന്ന് ഒളിച്ചോടലാണെന്ന് വ്യക്തം.










0 comments