മീഡിയാ വൺ നടത്തുന്നത് വർഗീയ പ്രചാരണം; പൊതുസമൂഹം ജാഗ്രത പുലർത്തണം: സിപിഐ എം

മലപ്പുറം: സിപിഐ എം നേതാവും വണ്ടൂർ മുൻ എംഎൽഎയുമായിരുന്ന എൻ കണ്ണനെതിരെ ജമാഅത്തെ ഇസ്ലാമി ചാനലായ മീഡിയാ വൺ നടത്തുന്ന വർഗീയ - ദേശവിരുദ്ധ പ്രചാരണങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം ശബ്ദമുയർത്തണമെന്ന് സിപിഐ എം. എൻ കണ്ണൻ തീവ്രവാദ സംഘടനയായ എൻഡിഎഫിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ മലപ്പുറം ജില്ലയെ കുറിച്ചാണെന്ന് വരുത്തുകയാണ് മീഡിയാവൺ. എൻ കണ്ണൻ എന്ന പൊതുപ്രവർത്തകനെ സമൂഹമധ്യത്തിൽ വ്യക്തിഹത്യ ചെയ്യാൻ നടത്തിയ നീക്കം അപലപനീയമാണെന്നും സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
സ്വന്തം കാലിലെ മന്ത് മറച്ചുവെച്ച് വഴിയേ പോകുന്നവരെ 'മന്തുകാലാ' എന്ന് ആക്ഷേപിക്കുന്ന നിലയിലേക്ക് മീഡിയാ വൺ ചാനലും മാനേജിങ് എഡിറ്റർ സി ദാവൂദും തരംതാണു. ഇത് ജേണലിസമല്ല, ജീർണ്ണലിസമാണ്. തെറ്റായ ഈ പ്രവണതക്കെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
മീഡിയാ വൺ ചാനലിലെ പരിപാടിയിലാണ് ജമാഅത്തെ ഇസ്ലാമി പരമാധികാര സഭയായ ശൂറ കൗൺസിൽ അംഗം കൂടിയായ ദാവൂദ് നുണ പടച്ചുണ്ടാക്കിയത്. മലപ്പുറം ജില്ലയിൽ ക്രിസ്മസ് നക്ഷത്രങ്ങൾ വിൽക്കാൻ കഴിയുന്ന അന്തരീക്ഷമില്ലെന്നും ശബരിമലക്ക് പോകുന്നവർക്കുള്ള കറുത്ത മുണ്ട് വിൽക്കാൻ സമ്മതിക്കുന്നില്ലെന്നും കണ്ണൻ നിയമസഭയിൽ പ്രസംഗിച്ചുവെന്നാണ് ദാവൂദ് പറഞ്ഞത്.
എന്നാൽ മത തീവ്രവാദ സംഘടനകളുടെ പ്രവർത്തനത്തെക്കുറിച്ചാണ് കണ്ണൻ നിയമസഭയിൽ 1999 മാർച്ച് 23ന് സബ്മിഷൻ ഉന്നയിച്ചത്. ഇതിൽ തീവ്രവാദ സംഘടനയായ എൻഡിഎഫിന്റെ പ്രവർത്തനങ്ങൾ അക്കമിട്ടു പറഞ്ഞിരുന്നു. ‘നാസറും തസ്‌ലീനാഭായിയുമായി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടന്ന വിവാഹത്തിന് സാക്ഷി പറഞ്ഞ ജബ്ബാർ– ഫൗസിയ ദമ്പതികളെ എൻഡിഎഫ് ഭീഷണിപ്പെടുത്തി. അനാശാസ്യം നടത്തി എന്നുപറയുന്ന രണ്ട് സ്ത്രീകളെ പിടിച്ച് മൊട്ടയടിപ്പിച്ചതായും പറയുന്നു. സൗഹാർദപരമായി ജീവിക്കുന്ന ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കാനായുള്ള പരിശ്രമമാണ് അവരുടെ ഭാഗത്തുനിന്ന് നടക്കുന്നത്'- ഇതായിരുന്നു സബ്മിഷൻ. ഇതിൽ എൻഡിഎഫ് എന്ന ഭാഗം കളഞ്ഞ് ‘മലപ്പുറം ജില്ല’ എന്ന് മീഡിയാ വൺ തിരുകിക്കയറ്റുകയായിരുന്നു.









0 comments