print edition മറ്റൊന്നും വിഷയമേയല്ല! മാധ്യമ ‘ശ്രദ്ധ’ സിപിഐ എമ്മിൽ

പ്രത്യേക ലേഖകൻ
Published on Jul 28, 2026, 12:00 AM | 1 min read
തിരുവനന്തപുരം: ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന വിദ്യാർഥിപ്രക്ഷോഭം ബിജെപിയേയും യുഡിഎഫിലെ ആഭ്യന്തര കലഹം സംസ്ഥാന സർക്കാരിനേയും കടുത്ത പ്രതിരോധത്തിലാക്കുമ്പോഴും മാധ്യമങ്ങൾ വ്യാജവാർത്തകൾ പടച്ച് ‘ടോർച്ച്’ അടിക്കുന്നത് സിപിഐ എമ്മിലേക്ക്. ജനാധിപത്യബോധമുള്ളവരെ പരിഹസിക്കുന്നതാണ് മോദിയെയും വി ഡി സതീശനെയും രക്ഷിക്കാനുള്ള മാധ്യമ കസർത്ത്.
കമല ഇന്റർനാഷണലിന് പിന്നാലെ കൈതോലപ്പായ, ബിരിയാണിച്ചെമ്പിലെയും ഖുറാനിലെയും സ്വർണം–പൊളിഞ്ഞടങ്ങിയ കഥകൾക്ക് കണക്കില്ല. ശശിധരൻ കർത്തായുടെ മൊഴിയെന്ന രീതിയിൽ ഇപ്പോൾ പ്രചരിപ്പിക്കുന്നതും ഒരേ കേന്ദ്രത്തിൽനിന്ന് നിർമിച്ച വ്യാജവാർത്തയാണ്. സിഎംആർഎല്ലിലെ മുൻ ജീവനക്കാരൻ വർഷങ്ങൾക്കുമുന്പ് നൽകിയ മൊഴിയാണിതെന്നതും അതിനെതിരെ കമ്പനി തന്നെ സത്യവാങ്‌മൂലം നൽകിയിട്ടുണ്ടെന്നതും മറച്ചുവയ്‌ക്കുന്നു. നിയമപരമായി പ്രവർത്തിക്കുന്ന രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടാണ് നടന്നതെന്ന് പല പ്രാവശ്യം വ്യക്തമാക്കിയതാണ്. അതിനെ വളച്ചൊടിച്ചും വ്യാഖ്യാനിച്ചും സിപിഐ എം നേതാക്കളെ കരിവാരിത്തേക്കാനാണ് ശ്രമം. അതേസമയം, ഇൗ കമ്പനിയിൽനിന്ന് അവിഹിതമായി പണം വാങ്ങിച്ച യുഡിഎഫ് നേതാക്കളേയോ, പന്ത്രണ്ടോളം സ്ഥാപനങ്ങളേയോ കുറിച്ച് മാധ്യമങ്ങൾ മിണ്ടുന്നില്ല. പലപ്രാവശ്യം വാർത്തയാക്കിയവ വള്ളിപുള്ളി തെറ്റാതെ, പുതിയ ഒരുകാര്യവും കൂട്ടിച്ചേർക്കാനില്ലാതെ ആവർത്തിച്ച് സിപിഐ എമ്മിനെതിരെയാക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമാണ്.
വിദ്യാർഥി സമര വിജയത്തിന് പിന്നിലുള്ള എസ്‌എഫ്‌ഐയുടെയും എഐഎസ്‌എഫിന്റേയും മറ്റും അടിയുറച്ച സാന്നിധ്യം മാധ്യമ മുതലാളിമാരുടെ ഉറക്കം കെടുത്തുന്നതാണ്. ഒരു ഘട്ടത്തിലും ഇടതുവിദ്യാർഥി സംഘടനകളുടെ പങ്ക് വാർത്തയാക്കാത്ത മാധ്യമങ്ങൾക്ക് ഗത്യന്തരമില്ലാതെ ഇപ്പോൾ സമ്മതിക്കേണ്ടി വന്നു.
മുഖ്യമന്ത്രി വി ഡി സതീശനെതിരെ കോൺഗ്രസിന്റെ പോഷകസംഘടനകളടക്കം പരസ്യമായി രംഗത്തുവന്നത് കോൺഗ്രസിൽ ഉരുണ്ടുകൂടുന്ന വൻപ്രതിസന്ധിയുടെ ലക്ഷണമാണ്. മുസ്ലിംലീഗും രോഷത്തിലാണ്. സർക്കാർ പരാജയമാണെന്നാണ് പൊതുചർച്ച. ഇതൊന്നും നാട്ടുകാരുടെ മുന്നിലേക്ക് വരാതിരിക്കാൻ പ്രതിപക്ഷത്തിരിക്കുന്ന സിപിഐ എമ്മിനെ ആക്രമിക്കുകയെന്ന അത്യപൂർവ ‘മാനസികാവസ്ഥ’ യാണ് ഭൂരിപക്ഷം മാധ്യമങ്ങൾക്കും.










0 comments