ബിരിയാണിച്ചെമ്പ് മുതൽ കൈതോല വരെ ; നാണംകെട്ടും വ്യാജനൊരുക്കി മാധ്യമങ്ങൾ

തിരുവനന്തപുരം
പ്രതിപക്ഷത്തിന് പ്രതിസന്ധിവരുമ്പോഴും എൽഡിഎഫ് സർക്കാരിനെതിരെ ഒന്നും കിട്ടാതെ വരുമ്പോഴും വ്യാജനുമായി ഇറങ്ങുന്നതാണ് ചില മാധ്യമങ്ങളുടെ രീതി. ഇത്തവണയും പതിവ് തെറ്റാതെഅവർ വ്യാജനിറക്കി. പുനഃസംഘടന എങ്ങുമെത്താത്തതും പ്രധാന നേതാക്കളാകാനുള്ള മത്സരവുംമൂലം ദുർബലമായ അവസ്ഥയിലാണ് കോൺഗ്രസ്.
ഭരണമില്ലാഞ്ഞിട്ടും കഴിഞ്ഞ വർഷങ്ങളിൽ യുഡിഎഫ് നടത്തിയ അഴിമതികൾ ഓരോന്നായി പുറത്തുവരുന്നു. തൃശൂരിലെ വോട്ട് തട്ടിപ്പ് പുറത്തായതോടെ ബിജെപിക്കും പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥ. എല്ലാത്തിനും തടയിടാമെന്ന വ്യാമോഹത്തോടെയാണ് വ്യാജ ‘രേഖ’യുമായി രംഗത്തിറങ്ങിയത്. പക്ഷേ, വാർത്തകൾക്കിടയിൽത്തന്നെ ഇൗ രേഖകർ വ്യാജമാണെന്ന് വിളിച്ചു പറയുന്നുമുണ്ട്.
നിക്ഷിപ്ത താൽപര്യക്കാർ തമ്മിലുള്ള പോരിനെ പാർടിയുമായി ബന്ധിപ്പിക്കുന്ന മാധ്യമവേലയ്‌ക്കുപിന്നിലുള്ളത് സിപിഐ എമ്മിനോടുള്ള പക. അത് തെളിയിക്കുന്നതാണ് ഇതേ മാധ്യമങ്ങളുടെ പൊളിഞ്ഞ മുൻ വാർത്തകൾ.
മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണക്കള്ളക്കടത്ത് കേന്ദ്രമെന്ന് മാസങ്ങളോളം പ്രചരിപ്പിച്ചു. ബിരിയാണിച്ചെമ്പിൽ സ്വർണം കടത്തി, ഈന്തപ്പഴത്തിൽ സ്വർണക്കുരു, ഖുറാനിൽ സ്വർണക്കടത്ത് എന്നിങ്ങനെ ഒന്ന് പൊളിഞ്ഞപ്പോൾ അടുത്തത് കൊണ്ടുവന്നു. കോടതിയും ജനങ്ങളും ഒരുപോലെ തൂത്തെറിഞ്ഞതോടെ മാധ്യമങ്ങൾക്ക് നിൽക്കക്കള്ളിയില്ലാതായി. അത്തരം ആരോപണങ്ങളുടെ മൂർധന്യത്തിലാണ് വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സർക്കാർ തുടർഭരണത്തിലെത്തിയത്.
ഒന്നാംപിണറായി സർക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ച സ്‌പ്രിംഗ്ലർ അഴിമതി നിലംതൊട്ടില്ല. അതോടെ നഗരത്തിലെ റോഡുകളിൽ എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് മുൻഗാമിക്കൊപ്പം കോടതിയിൽ പോയി. ഹൈക്കോടതി പരാതി പിൻവലിക്കാനുള്ള സമയം ഇരുവർക്കും അനുവദിച്ചതേ ഓർമയുള്ളൂ. കെ ഫോൺ മുഴുവൻ അഴിമതിയാണെന്ന് പറഞ്ഞതും വിഴുങ്ങേണ്ടിവന്നു.
ബിജെപിയുടെയും കോൺഗ്രസിന്റെയും കൂട്ടുപിടിച്ച് എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കുടുംബത്തെ അപകീർത്തിപ്പെടുത്താനും ശ്രമിച്ചു. ഇൗ കേസിൽ ചില ഹർജിക്കാരെ വിലക്കൽവരെയുണ്ടായി. സമൂഹമാധ്യമത്തിൽ വന്ന കുറിപ്പുവച്ചാണ് കൈതോലപ്പായയിൽ പണം കടത്തിയെന്ന വ്യാജപ്രചാരണം കൊണ്ടാടിയത്. പേജുകൾ ഇറക്കി ആഘോഷിച്ച ഇതൊക്കെ മാധ്യമങ്ങൾക്ക് ഇപ്പോൾ അപ്രസക്തമായി.
ഇതാണ് ആ രേഖ
മാസങ്ങൾമുമ്പ് സമൂഹമാധ്യമങ്ങളിൽ നാട്ടുകാർ കണ്ട ‘രേഖ’യെ രഹസ്യരേഖയായി കൊട്ടിഘോഷിച്ച മാധ്യമങ്ങൾ സ്വയം ആപ്പിലായി. രണ്ട് പ്രമുഖ ചാനലുകളിലെ വാർത്താ അവതാരകർതന്നെ ഇതിൽ ചോരാനൊന്നുമില്ലെന്നും മാസങ്ങൾമുമ്പേ തങ്ങളെല്ലാം വായിച്ചിരുന്നെന്നും സ്ഥിരീകരിച്ചു.
കത്ത് എഴുതിയ ആൾതന്നെ അത് ഏപ്രിലിൽ മധുര പാർടി കോൺഗ്രസ് നടക്കുന്ന സമയത്ത് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ചു. താൻ കവറിങ് ലെറ്റർ മാത്രമേ പോസ്റ്റ് ചെയ്തുള്ളൂവെന്നും മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടാൽ കത്ത് തരാമെന്ന് സമൂഹമാധ്യമത്തിൽ അറിയിപ്പ് നൽകിയിരുന്നുവെന്നുമാണ് കത്തുടമ ഇപ്പോൾ പറയുന്നത്. മാധ്യമ പ്രവർത്തകർക്ക് കത്ത് നൽകാമെന്ന് പറഞ്ഞ കാര്യവും സമ്മതിച്ചു. കവറിങ് ലെറ്ററിൽത്തന്നെ കത്തിലെ ഉള്ളടക്കം കൃത്യമായി കാണിച്ചതിനാൽ രഹസ്യരേഖ എന്ന വാദം പാടേ പൊളിഞ്ഞു.
ഒരാൾ ആർക്കെങ്കിലും കത്തയക്കുകയോ ഉള്ളടക്കം സഹിതം സമൂഹമാധ്യമങ്ങളിൽ കുറിക്കുകയോ മാധ്യമങ്ങൾക്ക് കൈമാറുകയോ ചെയ്താൽ അത് രഹസ്യമല്ലാതായി. അതേസമയം, ഇയാൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജവാർത്തയ്‌ക്ക് പിന്നിൽ കൃത്യമായ രാഷ്‌ട്രീയമായ ഗൂഢ ലക്ഷ്യമുണ്ടെന്ന് വ്യക്തം. ബിജെപി യും കോൺഗ്രസുമാണ് ഗുണഭോക്താക്കളെന്നും ആരുമായി ചേർന്നായാലും സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത ചമച്ച് ആഘോഷിക്കുന്നതിൽ കവിഞ്ഞൊന്നും തങ്ങൾക്കില്ലെന്നുമുള്ള പരിതാപാവസ്ഥയാണ് മാധ്യമങ്ങൾ സ്വയം സാക്ഷ്യപ്പെടുത്തുന്നത്.
ആരോപണം ഒരുവർഷംമുമ്പ് ഉന്നയിച്ചതുതന്നെ
മുഹമ്മദ് ഷെർഷാദ് ഇപ്പോൾ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ പുതിയതല്ലെന്നും ഒരു വർഷം മുൻപ് വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ പറഞ്ഞതിന്റെ ആവർത്തനമാണെന്നും ദി ന്യു ഇന്ത്യൻ എക്സ്‌പ്രസ് പത്രം. പരാതി ചോർത്തിയ ആരോപണം സംബന്ധിച്ച വാർത്തയ്ക്കൊടുവിലാണ് ലേഖകൻ ഇക്കാര്യം വ്യക്തമാക്കിയത്. ‘അതിനിടെ, ഷെർഷാദ് ഒരു വർഷം മുൻപ് വിവിധ ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ നിരവധിയായ അഭിമുഖങ്ങളിൽ ഉന്നയിച്ചവ തന്നെയാണ് ഇൗ വാർത്തിയിലെ ബഹുഭൂരിപക്ഷം കാര്യങ്ങളും എന്ന് ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്’എന്നാണ് വാർത്തയിൽ പറയുന്നത്.










0 comments