വിശ്വാസ്യതയില്ലാത്ത ‘വ്യവസായി’ക്കഥ പാളി
‘കത്ത്’ കഥയിൽ തെരഞ്ഞെടുപ്പ് വിഭവംതേടി സ്വന്തം ലേഖകർ

തിരുവനന്തപുരം
കത്ത് കഥയിലെ ‘രഹസ്യം’ പൊളിഞ്ഞിട്ടും വീണിടത്തുരുണ്ട് ചില മാധ്യമങ്ങൾ. പിബി രഹസ്യം ചോർന്നെന്ന കഥ മെനഞ്ഞ മാതൃഭൂമിയും ആദ്യ ദിവസം ‘മിസാ’യത് പൊലിപ്പിക്കാൻ ഒന്നരപ്പേജ് മാറ്റിവച്ച മനോരമയുമാണ് കള്ളിപൊളിഞ്ഞിട്ടും വിടാൻ കൂട്ടാക്കാത്തത്. ‘ചോർന്ന പിബി രഹസ്യം’ നേരത്തെ സമൂഹമാധ്യമങ്ങളിൽ പറന്നുനടന്നതാണെന്ന വസ്‌തുത പുറത്തുവന്നതോടെ ആദ്യ ദിവസം വാർത്തയാക്കിയ ഒട്ടുമിക്ക ചാനലുകളും പത്രങ്ങളും പിൻവലിഞ്ഞിരുന്നു.
രണ്ടു വ്യക്തികൾ തമ്മിലുള്ള വിഷയമാണ് സിപിഐ എമ്മിനെതിരെ ആയുധമാക്കാൻ ഇൗ മാധ്യമങ്ങൾ ശ്രമിച്ചത്. തങ്ങൾ വാർത്താതാരമാക്കി കൊണ്ടാടിയ ആളുടെ ‘തനിനിറം’ മുൻഭാര്യ വെളിപ്പെടുത്തിയത് മറച്ചുവച്ചായിരുന്നു ചൊവ്വാഴ്‌ചത്തെ വാർത്തകൾ. കള്ളം പൊളിഞ്ഞതോടെ പതിവ് സിപിഐ എം വിരുദ്ധ വാർത്താനിർമിതിയിലേക്ക് ഇരുപത്രങ്ങളും കടന്നു.
ആദ്യ വാർത്തകളിൽനിന്ന് ചൊവ്വാഴ്‌ച മാതൃഭൂമി മലക്കം മറിഞ്ഞു. കത്ത് ‘ചോർത്തി’യതിന് പിന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനാണെന്ന നിലയിലായിരുന്നു ആദ്യ വാർത്തകളെങ്കിൽ, എം വി ഗോവിന്ദന് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുന്ന ഒരു പരാതി അദ്ദേഹംതന്നെ ചോര്‍ത്തി നല്‍കുമോ എന്ന സംശയമാണ് ഇപ്പോൾ. ‘സിപിഐ എമ്മിന് തലവേദന’, ‘നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു’, ‘ദേശീയ നേതൃത്വം പ്രതിസന്ധിയിൽ’ തുടങ്ങിയ പതിവു സിപിഐ എം വിരുദ്ധ തലക്കെട്ടുകളും വാർത്തകളിൽ ഇടംപിടിക്കുന്നു.
മനോരമയ്‌ക്കാകട്ടെ, സിപിഐ എം സ്‌നേഹമാണ് നിറഞ്ഞൊഴുകുന്നത്. ‘സിപിഐ എം അണികൾക്ക് ആശങ്ക’, ‘പാർടി കൂടുതൽ പ്രതിസന്ധിയിലാകുന്നു എന്ന ചിന്തയാണ് അണികൾക്ക്’, ‘പിബി വ്യക്തത വരുത്തേണ്ടിയിരുന്നെന്ന ചിന്തയിലാണ് വലിയ ഒരു വിഭാഗം പ്രവർത്തകർ’ എന്നിങ്ങനെ നീളുന്നു 'കരുതൽ'. ഒപ്പം, ഇഡി, ആദായ നികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികൾക്കുള്ള നിർദേശവും മുന്നോട്ടുവയ്‌ക്കുന്നു. ആ ‘സാധ്യത’ ബിജെപി നേതൃത്വത്തിനു ഉപദേശ രൂപേണ നൽകുന്നുമുണ്ട്. സ്വർണക്കടത്തും ബിരിയാണിച്ചെമ്പും കൈതോലപ്പായയുംപോലെ തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോഴുള്ള ‘വിഭവ’ങ്ങളുടെ സാധ്യതയാണ് ‘രഹസ്യ കത്തിലും’ ഇൗ പത്രങ്ങൾ തേടുന്നത്.
വിശ്വാസ്യതയില്ലാത്ത ‘വ്യവസായി’ക്കഥ പാളി
സിപിഐ എമ്മിനെതിരെ കെട്ടിയെഴുന്നള്ളിച്ച ആ ‘വ്യവസായി’യുടെ തനിനിറം പുറത്തായതോടെ, ഇനി ഏതുവഴിയിൽ കഥകളുണ്ടാക്കണം എന്നറിയാതെ മാധ്യമങ്ങൾ. പിബി രഹസ്യം ചോർന്നു എന്ന് ആദ്യദിനം നൽകി മനോരമയെ ‘ഞെട്ടിച്ച’ മാതൃഭൂമി പിന്നെ പിടിച്ചുനിൽക്കാനുള്ള തത്രപ്പാടിലായി.
സിപിഐ എമ്മിന്റെ രേഖ ചോർന്നു എന്ന് നേരത്തേയും മാതൃഭൂമി വാർത്ത നൽകി പുലിവാലു പിടിച്ചിരുന്നു. പാർടി കോൺഗ്രസിനു മുന്നോടിയായി ഘടകങ്ങൾക്ക് ചർച്ചചെയ്യാനായി വെബ്‌സൈറ്റിലും ചിന്ത വാരികയിലും പ്രസിദ്ധീകരിച്ച രാഷ്‌ട്രീയ പ്രമേയവും അനുബന്ധകുറിപ്പുമാണ് അതീവരഹസ്യമായി മാതൃഭൂമി ചോർത്തി അന്ന് ഒന്നാം പേജിൽ ആഘോഷിച്ചത്. ഫാസിസത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാട് മാറി എന്നായിരുന്നു മെനഞ്ഞത്. അത് രഹസ്യ രേഖയല്ലെന്ന് വ്യക്തമായതോടെ നാണംകെട്ടു. എന്നിട്ടും അതിൽ പിടിച്ച് മെഴുകാൻ മടികാണിച്ചില്ല.
ഇത്തവണ പെട്ടത്. അവതരിപ്പിച്ച വ്യവസായിയുടെ ഗുണഗണങ്ങൾ പുറത്തുവരാൻ അധികസമയമെടുത്തില്ല. വ്യവസായിയുടെ മുൻ ഭാര്യ തന്നെ അയാളിൽനിന്ന് അനുഭവിച്ച പീഡനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. വ്യവസായമെന്നാൽ മറ്റുള്ളവരെ പറ്റിക്കലാണെന്നും ഗാർഹിക പീഡനത്തിന് കോടതി വിധികളുണ്ടെന്നും അറിയപ്പെടുന്ന ചലച്ചിത്രസംവിധായികയായ അവർ രേഖകൾ സഹിതം വ്യക്തമാക്കി. ഇത്തരം ഒരാളെയാണ് ‘വൻ വ്യവസായി’യായി അവതരിപ്പിച്ച് സിപിഐ എമ്മിനും നേതാക്കൾക്കുമെതിരെ മാധ്യമങ്ങൾ നിർത്തിയത്.










0 comments