മംഗള എക്സ്പ്രസിൽ എംഡിഎംഎ കടത്തിയ സംഭവം: രണ്ടുപേർ കൂടി അറസ്റ്റിൽ

നീലേശ്വരം: മംഗള എക്സ്പ്രസിൽ എംഡിഎംഎ കടത്തിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. മംഗൽപാടി സോങ്കാൽ പ്രതാപ് നഗറിലെ യൂസഫ്, നൗഷാദ് അലി എന്നിവരെയാണ് നീലേശ്വരം എസ്ഐ സി എം സാബുവും സംഘവും അറസ്റ്റു ചെയ്തത്. ഇതോടെ എംഡിഎംഎ പിടികൂടിയ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം 665.67 ഗ്രാം എംഡിഎംഎയുമായി നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും മംഗൽപാടി സോങ്കാൽ പ്രതാപ് നഗറിലെ അഹമ്മദ് റുക്ഷാദ് (33), അബ്ദുൾ ഹമീദ് (30) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഡൽഹിയിൽ നിന്നും വന്ന മംഗള എക്സ്പ്രസിലായിരുന്നു മയക്കുമരുന്ന് കടത്താൻ ശ്രമം നടത്തിയത്.
നീലേശ്വരത്ത് ട്രെയിൻ ഇറങ്ങുന്ന ഇരുവരെയും കൂട്ടിക്കൊണ്ടു പോകാൻ എത്തിയതായിരുന്നു യൂസഫും നൗഷാദലിയും. ഇവർക്ക് മയക്കുമരുന്ന് കടത്തുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാനായിരുന്നു റുക്ഷാദിന്റെയും ഹമീദിന്റെയും പദ്ധതി. എന്നാൽ പൊലീസ് സംഘത്തെ കണ്ട ഇവർ നീലേശ്വരത്ത് ഇറങ്ങാൻ തീരുമാനിച്ചു. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെയും അടിസ്ഥാനത്തിൽ സംഘത്തെ നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
എംഡിഎംഎ പഞ്ചാബിൽ നിന്നും കടത്തിക്കൊണ്ടുവരികയായിരുന്നുവെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. ലഹരിമരുന്ന് ഒന്നാം പ്രതി റുക്ഷാദിന്റെ ബാഗിലെ ടി-ഷർട്ടിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇയാളിൽ നിന്നും 28,530 രൂപയും കണ്ടെടുത്തു. രണ്ടാം പ്രതി അബ്‌ദുൾ ഹമീദിന്റെ ബാഗിൽ നിന്ന് ലഹരി തൂക്കിവിൽക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ഇലക്ട്രോണിക് തുലാസും ഗൂഗിൾ പേ സ്കാനർ കാർഡും കണ്ടെത്തി. പ്രതികളുടെ മൊബൈൽ ഫോണുകൾ, പാസ്പോർട്ട്, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഹോസ്ദുർഗ് കോടതിയിൽൽ ഹാജരാക്കിയ നാലു പ്രതികളെയും റിമാൻഡ് ചെയ്തു.









0 comments