print edition വാഴക്കുലയിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; ധനേഷിന് മയക്കുമരുന്ന് നൽകിയത് നൈജീരിയക്കാർ


സ്വന്തം ലേഖകൻ
Published on Nov 11, 2026, 12:00 AM | 1 min read
ആലുവ : വാഴക്കുലയിൽ ഒളിപ്പിച്ച് വൻതോതിൽ കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ ധനേഷ് എസ് നായർ (ഡാനി ഭായ് –31)ക്ക് മയക്കുമരുന്ന് നൽകിയിരുന്നത് ഇന്ത്യയിൽ അനധികൃതമായി തങ്ങുന്ന നൈജീരിയക്കാർ. മൈസൂരു, ബംഗളൂരു അതിർത്തിയിലെ നൈജീരിയക്കാരിൽനിന്നാണ് ഇയാൾക്ക് വലിയതോതിൽ മയക്കുമരുന്ന് ലഭിച്ചിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. 2023 മുതൽ ധനേഷ് മൈസൂരു നഞ്ചൻകോട്ടുനിന്നാണ് എംഡിഎംഎ കൊച്ചിയിൽ ചില്ലറ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്.
നൈജീരിയക്കാരിൽനിന്ന് മൊത്തമായി വാങ്ങിക്കുന്ന എംഡിഎംഎ 50–60 ഗ്രാം വീതമുള്ള ചെറിയ പാക്കറ്റുകളിലാക്കി വാഴക്കുലയിൽ ഒളിപ്പിച്ച് ആഡംബര ബസിൽ കൊച്ചിയിൽ എത്തിക്കുകയായിരുന്നു. ഇതിനായി കേരളത്തിൽനിന്ന് കുറച്ചുപേരെ നഞ്ചൻകോട്ടേയ്ക്ക് വിളിപ്പിച്ചിരുന്നു. വാഴക്കുലകൾ കർശനമായ പരിശോധന നടത്താത്തതിനാൽ അമിതമായ ആത്മവിശ്വാസത്തിലാണ് ഇയാൾ മയക്കുമരുന്ന് ഒളിപ്പിച്ച് കച്ചവടം നടത്തിയിരുന്നത്. മികച്ച കർഷകനെന്ന് പേരെടുത്തതും ഗുണകരമായി.
ധനേഷിന് നഞ്ചൻകോട്ട് ആറേക്കർ വാഴത്തോട്ടമുണ്ട്. കൃഷി ലാഭകരമായിരുന്നിട്ടും അമിതമായി പണം മോഹിച്ചാണ് ഇയാൾ എംഡിഎംഎ കച്ചവടത്തിന് ഇറങ്ങിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇയാൾ അറസ്റ്റിലായതോടെ ഒളിവിൽപ്പോയ കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനായി ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് പണം കൈമാറ്റം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസ്. പച്ചക്കറി വരുന്ന വാഹനങ്ങളിൽ സ്പിരിറ്റും കഞ്ചാവും കടത്തൽ പതിവാണെങ്കിലും വാഴക്കുലയ്ക്കിടയിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തുന്നത് പുതിയ സംഭവമാണെന്ന് പൊലീസ് പറയുന്നു.









0 comments