ad
Deshabhimani

‘മനോഹരമായ അന്തരീക്ഷത്തിൽ പഠിക്കാനും കളിക്കാനും സാധിക്കട്ടെ’; വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ മറുപടി കത്ത്‌

CM LETTER TO STUDENTS.jpg
വെബ് ഡെസ്ക്

Published on Mar 12, 2026, 08:09 AM | 1 min read

കൽപ്പറ്റ: ‘മനോഹരമായ അന്തരീക്ഷത്തിൽ പഠിക്കാനും കളിക്കാനും പുതിയ സ്‌കൂളിൽ സാധിക്കും. അവിടെനിന്ന്‌ നാളെ മികച്ച വ്യക്തികളായി നിങ്ങൾ വളരുന്നത്‌ കാണാനാണ്‌ ആഗ്രഹിക്കുന്നത്‌. നന്നായി പഠിക്കണം. പുതിയ സ്കൂ‌ളിലെ വിശേഷങ്ങൾ അറിയിച്ച് വീണ്ടും കത്തെഴുതണം’ കൽപ്പറ്റ ഗവ. എൽപി സ്‌കൂൾ വിദ്യാർഥികൾക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി കത്ത്‌ ലഭിച്ചു. മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള കൽപ്പറ്റയിലെ ട‍ൗൺഷിപ്പിലേക്ക്‌ സ്‌കൂൾ മാറ്റുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ നന്ദി പറഞ്ഞ്‌ വിദ്യാർഥികൾ അയച്ച കത്തിനാണ്‌ മറുപടി അയച്ചത്‌. ട‍ൗൺഷിപ്പ്‌ ഉദ്‌ഘാടനത്തിലാണ്‌ സ്‌കൂളിന്‌ സ്ഥലം അനുവദിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌. ട‍ൗൺഷിപ്പിലേക്ക്‌ സ്‌കൂൾ മാറുന്നതിന്റെ സന്തോഷത്തിൽ പിറ്റേദിവസം വിദ്യാർഥികൾ മുഖ്യമന്ത്രിക്ക്‌ കത്ത്‌ അയച്ചു. 50 വിദ്യാർഥികളാണ്‌ കത്തെഴുതിയത്‌. നിലവിൽ പരിമിതമായ സ‍ൗകര്യത്തിലാണ്‌ സ്‌കൂൾ പ്രവർത്തിക്കുന്നത്‌.


‘കൽപ്പറ്റ ഗവ. എൽപി സ്‌കൂൾ പുതിയ ടൗൺഷിപ്പിലേക്ക് മാറ്റാനുള്ള സർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് അയച്ച കത്ത് കിട്ടി. വലിയ താൽപ്പര്യത്തോടെയാണ് ഞാനത് വായിച്ചത്. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ജനങ്ങൾ നേരിട്ട വലിയ പ്രയാസങ്ങൾ നമുക്കറിയാം. ദുരന്തം തകർത്തെറിഞ്ഞ ജീവിതങ്ങളെയും സ്വപ്‌നങ്ങളെയും തിരിച്ചുപിടിക്കാനുള്ള വലിയൊരു ശ്രമത്തിലാണ് നാമെല്ലാവരും. അതിന്റെ ഭാഗമായാണ് അവിടെ പുതിയൊരു ടൗൺഷിപ്പ് സർക്കാർ ഒരുക്കിയത്. ഈ ടൗൺഷിപ്പ് നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ അടയാളമാണ്. മനോഹരമായ ഒരു അന്തരീക്ഷത്തിൽ പഠിക്കാനും കളിക്കാനും പുതിയ സ്‌കൂളിൽ സാധിക്കും. സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങളെ ശ്രദ്ധിക്കുന്നതും കത്തെഴുതുന്നതും വലിയ സന്തോഷമുള്ള കാര്യമാണ്. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് പ്രതിസന്ധികളെ മറികടന്ന് മുന്നോട്ടുപോകാൻ സർക്കാരിന് കരുത്ത് നൽകുന്നതെന്നും’ കുട്ടികൾക്കുള്ള മറുപടി കത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കത്തിന്‌ മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്‌ വിദ്യാർഥികളും അധ്യാപകരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home