print edition താമരക്കൈമാറ്റം; കോൺഗ്രസ് ബിജെപിയായി

കെ എൻ സനിൽ
Published on Dec 28, 2025, 07:11 AM | 1 min read
തൃശൂർ: തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിൽ ജനഹിതം അട്ടിമറിച്ച് കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ ബിജെപിയിൽ ചേക്കേറി. പ്രസിഡന്റ് തെരഞ്ഞെടുപ്പുദിവസം രാവിലെ കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം രാജിവച്ചാണ് ബിജെപിക്ക് കളമൊരുക്കിയത്.
വിമതയായി മത്സരിച്ച ടെസി ജോസ് കല്ലറയ്‌ക്കൽ ബിജെപി–കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്റായി. 24 അംഗ പഞ്ചായത്തിൽ 12 വോട്ട് ബിജെപി–കോൺഗ്രസ് സഖ്യസ്ഥാനാർഥി നേടി. എൽഡിഎഫ് സ്ഥാനാർഥി കെ ഒ ഒൗസേഫിന് 11 വോട്ട്. ഒരുവോട്ട് അസാധു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപി പിന്തുണയിൽ കോൺഗ്രസ് അംഗം പി യു നൂർജഹാൻ 13 വോട്ട് നേടി വിജയിച്ചു. എൽഡിഎഫ്–10, യുഡിഎഫ്–8, ബിജെപി–4, സ്വതന്ത്രർ–2 എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്ത്രരിൽ ഒരാൾ എൽഡിഎഫിനെയും മറ്റൊരാൾ യുഡിഎഫിനെയും പിന്തുണച്ചു.
ഡിസിസി പ്രസിഡന്റിനുള്ള കത്തിലാണ് എട്ട് അംഗങ്ങളും കോൺഗ്രസിൽനിന്ന് രാജിവയ്‌ക്കുകയാണെന്ന് അറിയിച്ചത്. തുടർന്ന്, വിമതയായി മത്സരിച്ച് ജയിച്ച ടെസി ജോസ് കല്ലറയ്‌ക്കലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചു. ഇരുട്ടിവെളുക്കുമ്പോഴേക്കും ഒരു പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം ബിജെപിക്ക് പിന്തുണയുമായി എത്തുന്നതിലൂടെ അരുണാചൽ മാതൃകയിലുള്ള വർഗീയ ബാന്ധവത്തിന് തങ്ങൾക്ക് ഒരു മടിയുമില്ലെന്ന് വ്യക്തമാക്കുകയാണ് കോൺഗ്രസ്.
ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രന്റെയും മറ്റത്തൂർ മണ്ഡലം പ്രസിഡന്റ് ഷാ-ഫി കല്ലുപറന്പിലിന്റെയും നേതൃത്വത്തിലാണ് അട്ടിമറിയെന്ന് പ്രവർത്തകർ ആരോപിച്ചു. സംഭവം വിവാദമായതോടെ മുഖംരക്ഷിക്കാനായി ചന്ദ്രനെയും ഷാഫിയെയും കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി.
കെപിസിസി വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. വിമതയായി മത്സരിച്ച് വിജയിച്ച മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടെസി കല്ലറയ്‌ക്കൽ, വൈസ് പ്രസിഡന്റ് നൂർജഹാൻ, കോൺഗ്രസ് വിമതനായി വിജയിച്ച് എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കെ ആർ ഒൗസേപ്പ് തുടങ്ങി 10 പേരെ പ്രാഥമിക അംഗത്തിൽനിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അറിയിച്ചു.










0 comments