മറ്റത്തൂരിൽ കോൺഗ്രസ് ചിഹ്നത്തിൽ വിജയിച്ചവരെ അയോഗ്യരാക്കണം; തെരഞ്ഞെടുപ്പ് കമീഷന് പരാതി

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി. മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ജനറൽ സെക്രട്ടറി ജോയി കൈതാരം ആണ് പരാതി നൽകിയത്. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച എല്ലാവരെയും അയോഗ്യരാക്കണമെന്ന് പരാതിയിൽ പറയുന്നു.
കോൺഗ്രസുകാരാണെന്ന് പറഞ്ഞ് വോട്ടുവാങ്ങിവയവരാണ് തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങളെ വഞ്ചിച്ചത്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചട്ടം മൂന്ന് പ്രകാരം കോൺഗ്രസ് അംഗങ്ങളായി ജയിച്ചവരെ അയോഗ്യരാക്കണെമന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ നേരിട്ട് പരാതി അറിയിക്കുമെന്നും ജോയി പറഞ്ഞു.
മറ്റത്തൂരിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പുദിവസം രാവിലെ കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം രാജിവച്ചാണ് ബിജെപിക്ക് കളമൊരുക്കിയത്. എൽഡിഎഫിനെ ഭരണത്തിൽനിന്ന് മാറ്റിനിർത്താൻ കോൺഗ്രസിന്റെ മുഴുവൻ പഞ്ചായത്ത് അംഗങ്ങളും പാർടിയിൽനിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേർന്ന് ഭരണംപിടിക്കുകയായിരുന്നു.
വിമതയായി മത്സരിച്ച ടെസി ജോസ് കല്ലറയ്‌ക്കൽ ബിജെപി–കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്റായി. 24 അംഗ പഞ്ചായത്തിൽ 12 വോട്ട് ബിജെപി–കോൺഗ്രസ് സഖ്യസ്ഥാനാർഥി നേടി. എൽഡിഎഫ് സ്ഥാനാർഥി കെ ഒ ഒൗസേഫിന് 11 വോട്ട്. ഒരുവോട്ട് അസാധു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപി പിന്തുണയിൽ കോൺഗ്രസ് അംഗം പി യു നൂർജഹാൻ 13 വോട്ട് നേടി വിജയിച്ചു. എൽഡിഎഫ്–10, യുഡിഎഫ്–8, ബിജെപി–4, സ്വതന്ത്രർ–2 എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്ത്രരിൽ ഒരാൾ എൽഡിഎഫിനെയും മറ്റൊരാൾ യുഡിഎഫിനെയും പിന്തുണച്ചു.










0 comments