print edition താമരക്കൈമാറ്റത്തിലും ഗ്രൂപ്പ് പോര്

തൃശൂർ : മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങളെ കൂട്ടത്തോടെ ബിജെപിയിലെത്തിച്ച സംഭവത്തിൽ പരസ്‌പരം പഴിചാരി കൈകഴുകാൻ കോൺഗ്രസ് ശ്രമം. നാട്ടിൽ തലയുയർത്തി നടക്കാനാവാത്ത അവസ്ഥ വന്നതോടെ മുഖംരക്ഷിക്കൽ നടപടികൾക്ക് ഡിസിസി നേതൃത്വം തയ്യാറാകുമ്പോൾ ഇവരെ സംരക്ഷിക്കാനാണ് കെപിസിസി നേതൃത്വം ശ്രമിക്കുന്നത്. അതിനിടെ, പഞ്ചായത്തംഗങ്ങളെ ബിജെപി പാളയത്തിലെത്തിച്ച നേതാക്കളെ തിരിച്ചെടുക്കുന്നത് അംഗീകരിക്കില്ലെന്ന് മറ്റത്തൂരിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചു.
ബിജപിയുമായുള്ള ധാരണയുടെ സൂത്രധാരർ ആര് എന്നത് സംബന്ധിച്ച് പരസ്‌പരം ആരോപണം ഉന്നയിക്കുകയാണ് വിവിധ ഗ്രൂപ്പുകൾ. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ബിജെപിയുമായി നീക്കുപോക്കുണ്ടാക്കുന്നതിൽ ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രനും മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപ്പറമ്പിലുമാണ് മുൻകൈയെടുത്തത്. ഇതിൽ ഗ്രൂപ്പുകൾക്കും ഏകാഭിപ്രായമുണ്ട്. വിമത സ്ഥാനാർഥികളെ യുഡിഎഫ് സ്ഥാനാർഥികളായി ചിത്രീകരിച്ച് ചന്ദ്രന്റെ നേതൃത്വത്തിൽ പ്രവർത്തനം നടത്തിയപ്പോൾ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റടക്കം മിണ്ടിയില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുക്കാട് മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങുന്ന ടാജറ്റ് ബിജെപിയെ പിണക്കാതിരിക്കാനാണ് ഇൗ മൗനം പാലിച്ചത്. കെപിസിസി സെക്രട്ടറി ജോസ് വള്ളൂരിന്റെ ആശീർവാദത്തോടെയാണ് ടി എം ചന്ദ്രന്റെ നീക്കമെന്നാണ് ഒരുഭാഗത്തിന്റെ ആരോപണം. വിമത സ്ഥാനാർഥിയെ പിൻവലിക്കാൻ ഒൗദ്യോഗിക സ്ഥാനാർഥിയായ തന്നിൽ നിന്ന് ഒരുലക്ഷം രൂപ ചന്ദ്രൻ ആവശ്യപ്പെട്ടുവെന്ന് ഐഎൻടിയുസി നേതാവ് തങ്കമണി മോഹൻ ആരോപിച്ചു.
കെപിസിസി നേതൃത്വം ബിജെപിയുമായി കൂട്ടുകൂടിയവരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ഇത് പാർടിക്ക് അപമാനമാണെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുമ്പും മറ്റത്തൂരിൽ ബിജെപിയും കോൺഗ്രസും സഹകരിച്ച് മത്സരിക്കുന്നതിന് ടി എം ചന്ദ്രൻ മുൻകൈയെടുത്തിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. പൊതുചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്തി മത്സരിച്ച കാലത്തൊന്നും ഡിസിസി നേതൃത്വം തടയാൻശ്രമിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.










0 comments