ad
Deshabhimani

മറ്റത്തൂരിലേത് വൻ ഗൂഢാലോചന; കോൺ​ഗ്രസ്-ബിജെപി ഡീലിന്റെ തെളിവായി നിർണായക ദൃശ്യങ്ങൾ

K R Ouseph releases cctv visuals

കെ ആര്‍ ഔസേപ്പ് (ഇടത്), കോൺ​ഗ്രസ് നേതാക്കൾ ഔസേപ്പിന്റെ വീട്ടിലെത്തുന്നതിന്റെ സിസിടിവി ദൃശ്യത്തിൽനിന്ന് (വലത്)

വെബ് ഡെസ്ക്

Published on Dec 29, 2025, 01:52 PM | 2 min read

തൃശൂർ: തൃശൂർ മറ്റത്തൂർ ​ഗ്രാമപഞ്ചായത്തിൽ കോൺ​ഗ്രസ് അം​ഗങ്ങൾ രാജിവെച്ച് കൂട്ടത്തോടെ ബിജെപിയായി മാറിയത് ഇരു പാർടികളും തമ്മിലുണ്ടാക്കിയ വൻ ​ഗൂഢാലോചനയുടെ ഭാ​ഗമായി. പഞ്ചായത്ത് ഭരണത്തിൽനിന്ന് എൽഡിഎഫിനെ മാറ്റിനിർത്താൻ കോൺ​ഗ്രസും ബിജെപിയും തമ്മിൽ നേരത്തേ ധാരണയുണ്ടാക്കി. ബിജെപിയുമായി കൂട്ടുചേർന്ന് ഭരണംപിടിക്കാമെന്നും തന്നെ പ്രസിഡന്റാക്കാമെന്നും ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ വാ​ഗ്ദാനം നൽകിയതായി സ്വതന്ത്രനായി വിജയിച്ച കെ ആര്‍ ഔസേപ്പ് വെളിപ്പെടുത്തി. കോൺ​ഗ്രസ് നേതാക്കൾ തന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തുന്ന സിസിടിവി ദൃശ്യങ്ങളും ഔസേപ്പ് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.


23-ാം തിയതി രാത്രിയാണ് കോൺ​ഗ്രസ് നേതാക്കൾ ഔസേപ്പിന്റെ വീട്ടിലെത്തിയത്. തന്നെ പ്രസിഡന്റാക്കാമെന്നും കൂടെനിൽക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ താനും ചേർന്നുനിന്നാൽപോലും 24 അം​ഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കാതെ എങ്ങനെ ഭരിക്കാനാകും എന്ന് ഔസേപ്പ് ചോദിച്ചു. അപ്പോഴാണ് നാല് അം​ഗങ്ങളുള്ള ബിജെപിയും തങ്ങൾക്കൊപ്പമുണ്ടാകുമെന്ന് കോൺ​ഗ്രസ് നേതാക്കൾ വെളിപ്പെടുത്തിയത്.


ബിജെപിയുമായി ചേർന്ന് ഭരിക്കാൻ തന്നെക്കൊണ്ട് സാധിക്കില്ലെന്ന് മറുപടി നൽകിയതായി ഔസേപ്പ് പറഞ്ഞു. വർ​ഗീയകക്ഷികളുമായി കൂട്ടുചേർന്നിട്ടുള്ള ഒരു നേട്ടവും തനിക്ക് വേണ്ട. ന്യൂനപക്ഷങ്ങളുടെ ഉൾപ്പെടെ വോട്ട് തനിക്ക് ലഭിച്ചിട്ടുണ്ട്. അവരെ വഞ്ചിക്കാനാകില്ലെന്നും പറഞ്ഞു. ഇതോടെയാണ് യുഡിഎഫ് തന്നെ പൂർണമായും കൈവിട്ടതന്നും അധ്യക്ഷ തെരഞ്ഞെടുപ്പിന് മുൻപായി കോൺ​ഗ്രസ് അം​ഗങ്ങൾ എല്ലാം രാജിവെച്ച് കൂട്ടത്തോടെ ബിജെപിയിലെത്തി ഭരണം പിടിച്ചതെന്നും ഔസേപ്പ് പറഞ്ഞു.


മറ്റത്തൂരിലെ കോൺഗ്രസ്‌ അംഗങ്ങൾ ബിജെപി മുന്നണിയിൽ ചേർന്നത്‌ കെപിസിസി നേതൃത്വത്തിന്റെ അറിവോടെയെന്ന്‌ നേരത്തേതന്നെ സൂചനയുണ്ടായിരുന്നു. ഇതിന് ബലംനൽകുന്നതാണ് ഔസേപ്പിന്റെ വെളിപ്പെടുത്തലും. ബിജെപിയെ ഭരണകക്ഷിയാക്കാൻ ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രന്റെ നേതൃത്വത്തിൽ കോടികൾ കൈപ്പറ്റിയെന്ന്‌ ഒരു വിഭാഗം പ്രദേശിക കോൺഗ്രസ്‌ നേതാക്കൾ പരസ്യമായി പ്രതികരിക്കുയും ചെയ്തിരുന്നു. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയവരെ ന്യായീകരിച്ചാണ് പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ കഴിഞ്ഞദിവസം രംഗത്തെത്തിയതും.


മറ്റത്തൂരിലെ 24 അംഗ ഭരണസമിതിയിൽ കോൺഗ്രസിന്‌ എട്ടംഗങ്ങളാണുള്ളത്‌. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ഇവർ കോൺഗ്രസിൽനിന്ന്‌ രാജിവച്ച്‌ നാല്‌ ബിജെപി അംഗങ്ങളുമായി ചേർന്നാണ്‌ ഭരണം പിടിച്ചത്‌. കോൺഗ്രസ്‌ വിമതയായി മത്സരിച്ച്‌ ജയിച്ച ടെസി ജോസ്‌ കല്ലറയ്‌ക്കലാണ്‌ പ്രസിഡന്റായത്‌. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച കോൺഗ്രസ്‌ അംഗം പി യു നൂർജഹാൻ ബിജെപി പിന്തുണയിൽ വൈസ്‌പ്രസിഡന്റുമായി. ഇവർ ഇതുവരെ രാജിവച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home