print edition മറ്റത്തൂർ താമരക്കൈമാറ്റം ; കൂട്ടുകച്ചവടം തുടരും, വൈസ് പ്രസിഡന്റിന്റെ രാജി പ്രഹസനം

സി എ പ്രേമചന്ദ്രൻ
Published on Jan 05, 2026, 02:18 AM | 1 min read
തൃശൂർ
മറ്റത്തൂരിൽ ബിജെപി–കോൺഗ്രസ് കൂട്ടുകച്ചവടം വഴി നേടിയ പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കില്ല. വൈസ് പ്രസിഡന്റ് മാത്രം രാജിവയ്‌ക്കുമെന്ന് പ്രഖ്യാപനം. കോൺഗ്രസ് വിമതയായി മത്സരിച്ചപ്പോൾ പുറത്താക്കുകയും ജയിച്ചപ്പോൾ കോൺഗ്രസിലേക്ക് തിരിച്ചെടുക്കുകയും ചെയ്‌ത ടെസി ജോസാണ് പ്രസിഡന്റ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ജാഥയിൽ മുൻ നിരയിൽ ടെസിയുമുണ്ടായിരുന്നു. ടെസിയുടെ നേതൃത്വത്തിൽ കോൺഗ്രസ്–ബിജെപി കൂട്ടുകക്ഷി ഭരണം തുടരാനാണ് നീക്കം.
കെപിസിസി പ്രസിഡന്റ് ചുമതലപ്പെടുത്തിയ പ്രകാരം റോജി എം ജോൺ വിമതരുമായി ചർച്ചചെയ്താണ് മുഖംരക്ഷിക്കാനുള്ള നീക്കങ്ങൾ നടത്തിയത്. പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിസന്നദ്ധത അറിയിച്ചതായാണ് കഴിഞ്ഞ ദിവസം റോജി പറഞ്ഞത്. സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ അവിശ്വാസം കൊണ്ടുവരുമെന്നും പറഞ്ഞു. മറ്റത്തൂരിൽ വൈസ് പ്രസിഡന്റടക്കം കോൺഗ്രസിലെ എട്ട് അംഗങ്ങളും രാജിവച്ചാണ് ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. അവിശ്വാസനോട്ടീസ് നൽകാൻപോലും കോൺഗ്രസിന് നിലവിൽ അംഗമില്ല. നേരത്തെ ഡിസിസി പ്രസിഡന്റ് ജോസ-ഫ് ടാജറ്റ് കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. അതിപ്പോൾ കോൺഗ്രസ് വിഴുങ്ങിയ മട്ടാണ്. ഫലത്തിൽ താമരക്കൈമാറ്റത്തിന് നേതൃത്വം കുട ചൂടുകയാണ്.
അതിനിടെ കോൺഗ്രസ്– ബിജെപി കൂട്ടുകെട്ടിന്റെ വിശദാംശങ്ങൾ ബിജെപി നേതാവ് പുറത്തുവിട്ടു. കോൺഗ്രസിൽ നിന്ന് രാജിവച്ചാലെ തങ്ങളുടെ പിന്തുണ കിട്ടൂവെന്ന് അറിയിച്ചതായും അതനുസരിച്ച് രാജിക്കത്ത് നൽകിയശേഷമാണ് പിന്തുണ നൽകിയതെന്നും ബിജെപി എറണാകുളം മേഖലാ സെക്രട്ടറി എ നാഗേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. ബിജെപി പിന്തുണയോടെ ഭരണം പിടിക്കണമെന്ന ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രന്റെ നിർദേശമനുസരിച്ചാണ് കോൺഗ്രസിൽ നിന്ന് രാജിവച്ച് വോട്ട് ചെയ്‌തതെന്ന മറ്റത്തൂർ 23–ാം വാർഡ് അംഗം അക്ഷയ് സന്തോഷ് ഡിസിസി പ്രസിഡന്റിന് നൽകിയ കത്തും പുറത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പു ഘട്ടത്തിൽ തന്നെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച മൂന്ന് സ്ഥാനാർഥികൾ ബിജെപിക്കുവേണ്ടി പ്രവർത്തിച്ചതായി ടി എം ചന്ദ്രനും നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും മറ്റത്തൂർ സംഭവത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ന്യായീകരിക്കുകയാണ്.










0 comments