ഇടനിലക്കാരൻ റോജി എം ജോൺ എംഎൽഎ
print edition താമരക്കെെമാറ്റം ; വൈസ് പ്രസിഡന്റിനെ ബലിയാടാക്കി മുഖം രക്ഷിക്കാൻ നീക്കം

സി എ പ്രേമചന്ദ്രൻ
Published on Jan 02, 2026, 02:17 AM | 2 min read
തൃശൂർ
മറ്റത്തൂരിലെ താമരക്കൈമാറ്റത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ രാജിവയ്പിച്ച് മുഖം രക്ഷിക്കാൻ കോൺഗ്രസ് നീക്കം. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നൂർജഹാനെ ബലിയാടാക്കാനാണ് നീക്കം നടക്കുന്നത്. കെപിസിസി നിർദേശപ്രകാരം രാഷ്‌ട്രീയകാര്യസമിതി അംഗം റോജി എം ജോൺ എംഎൽഎ ഇടനിലക്കാരനായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ബിജെപിയെ പിണക്കാതിരിക്കാനായി, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടെസി ജോസ് കല്ലയറ്‌ക്കലിനെ രാജിവയ്പിക്കാതിരിക്കാനും തീരുമാനിച്ചു.
മറ്റത്തൂരിലെ കോൺഗ്രസ്– ബിജെപി കൂട്ടുകെട്ട് ദേശീയ വാർത്തയായതോടെ എഐസിസി റിപ്പോർട്ട് തേടിയിരുന്നു. തൃശൂരിൽ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന റോജി എം ജോണിനോട് കെപിസിസി റിപ്പോർട്ട് ആവശ്യപ്പെട്ടു. വിഷയത്തിൽ ശക്തമായ നടപടിക്ക് പകരം കോൺഗ്രസ്– ബിജെപി കൂട്ടുകെട്ടിന് നേതൃത്വംനൽകിയ ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രൻ ഉൾപ്പടെയുള്ളവരുമായി റോജി രഹസ്യചർച്ച നടത്തി. വൈസ് പ്രസിഡന്റ് നൂർജഹാൻ രാജിവയ്‌ക്കണമെന്ന നിർദേശമാണ് ചർച്ചയിൽ മുന്നോട്ടുവച്ചത്. നൂർജഹാൻ രാജിവച്ചാൽ മറ്റംഗങ്ങൾക്കെതിരായ നടപടി പിൻവലിക്കണം എന്ന ആവശ്യം ടി എൻ ചന്ദ്രൻ മുന്നോട്ടുവച്ചു. ചന്ദ്രന്റെ എതിർഗ്രൂപ്പുകാർ ബുധനാഴ്ച രാത്രി റോജിയുടെ വീട്ടിലെത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് ജോസ-ഫ് ടാജറ്റുമായി ചർച്ചചെയ്‌ത് പ്രശ്‌നം പരിഹരിക്കും എന്നായിരുന്നു റോജിയുടെ മറുപടി. ഡിസിസി നേതൃത്വത്തിന്റെ അറിവോടെയാണ് മറ്റത്തൂർ കച്ചവടം ഉറപ്പിച്ചതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. ഇക്കാര്യം വ്യക്തമാക്കി പഞ്ചായത്തംഗം അക്ഷയ് സന്തോഷിന്റെ കത്തും പുറത്തുവന്നു.
മറ്റത്തൂരിലെ 24 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് 10, കോൺഗ്രസ് എട്ട്, ബിജെപി നാല്, സ്വതന്ത്രർ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്ത്രരിൽ കെ ആർ ഒൗസേഫ-് ഇടതുപക്ഷത്തോടൊപ്പം ചേർന്നു. എൽഡിഎഫിന് ഭരണം ഉറപ്പായ സാഹചര്യത്തിൽ കോൺഗ്രസിലെ എട്ട് അംഗങ്ങൾ രാജിവച്ച് ബിജെപിയുമായിചേർന്ന് അട്ടിമറി നടത്തി. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച കോൺഗ്രസ് വിമത ടെസി ജോസ് കല്ലറയ്‌ക്കൽ പ്രസിഡന്റായും കൈപ്പത്തി ചിഹ്നത്തിൽ വിജയിച്ച നൂർജഹാൻ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
മറ്റത്തൂരിലെ പഞ്ചായത്ത് മെമ്പറുടെ കത്ത് പുറത്ത്
ബിജെപിക്കൊപ്പം നിൽക്കാൻ നിർദേശിച്ചത് ഡിസിസി ജനറൽ സെക്രട്ടറി
മറ്റത്തൂരിൽ ബിജെപി പിന്തുണയോടെ ഭരണം പിടിക്കണമെന്ന് നിർദേശിച്ചത് ഡിസിസി ജനറൽ സെക്രട്ടറിയാണെന്ന് പഞ്ചായത്ത് അംഗം അക്ഷയ് സന്തോഷ്. 23–ാം വാർഡ് അംഗമായ അക്ഷയ് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന് നൽകിയ കത്ത് പുറത്തായി.
മറ്റത്തൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറന്പിൽ എന്നിവരുടെ നിർദേശപ്രകാരമാണ് പാർടിയിൽനിന്ന് രാജിവച്ചത്. ബിജെപി പിന്തുണയോടെ ഭരണം പിടിക്കണമെന്നും അവർ പറഞ്ഞു. പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗമെന്ന നിലയിൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ തനിക്ക് വീഴ്‌ചപറ്റിയതായും പാർടിയിൽ തിരിച്ചെടുക്കണമെന്നും കത്തിൽ പറയുന്നു.
വോട്ട് ചെയ്യാനായി തെരഞ്ഞെടുപ്പ് ഹാളിൽ എത്തിയ ശേഷം സ്വതന്ത്രനായി വിജയിച്ച കെ ആർ ഒൗസേഫിനെ എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയായി കണ്ടതോടെ ഉണ്ടായ വൈകാരിക പ്രതികരണമാണ് കോൺഗ്രസ്– ബിജെപി കൂട്ടുകെട്ടിൽ കലാശിച്ചതെന്നായിരുന്നു ടി എം ചന്ദ്രൻ പറഞ്ഞിരുന്നത്. എന്നാൽ, അക്ഷയ്-യുടെ കത്ത് പുറത്തുവന്നതോടെ ബിജെപിയുമായുള്ള ഡീൽ നേരത്തേ നിശ്‌ചയിച്ചതാണെന്ന് വ്യക്തമായി. അതേസമയം, വാർത്താസമ്മേളനം വിളിച്ച് ഇത് മാറ്റിപ്പറയണമെന്ന് ടി എം ചന്ദ്രൻ അക്ഷയിനോട് പറയുന്ന ഫോൺ സംഭാഷണവും പുറത്തായി.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്വതന്ത്ര അംഗം ടെസി ജോസ് കല്ലറയ്‌ക്കലിനെ പിന്തുണയ്‌ക്കാൻ കോൺഗ്രസ് അംഗങ്ങൾ പാർടിയിൽനിന്ന് രാജിവയ്‌ക്കേണ്ട ആവശ്യമില്ല. രാജിക്കത്ത് നൽകിയാലേ, പ്രസിഡന്റിനും കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച വൈസ് പ്രസിഡന്റ് സ്ഥാനാർഥി നൂർജഹാനും വോട്ടുചെയ്യൂ എന്ന് ബിജെപി അംഗങ്ങളായ നാലുപേർ നിബന്ധനവച്ചു. ഇതിന് വഴങ്ങിയാണ് കോൺഗ്രസിലെ എട്ട് പഞ്ചായത്ത് അംഗങ്ങളും പാർടിയിൽനിന്ന് രാജിവച്ചത്. രാജിക്കത്ത് ഡിസിസി പ്രസിഡന്റിന് കൈമാറുംമുന്പേ ബിജെപി നേതാക്കൾക്ക് കൈമാറിയിരുന്നു.










0 comments