ഹിയറിങ്ങിന് എത്താതെ മുങ്ങിയത് രണ്ടുതവണ
കുഴൽനാടന്റെ ഭൂമികെെയേറ്റം ; ഭയമില്ല, പക്ഷേ ഹിയറിങ് പേടിയാണ്

ഇടുക്കി
ചിന്നക്കനാലിൽ സർക്കാർ മിച്ചഭൂമി കൈയേറിയ മാത്യു കുഴൽനാടൻ എംഎൽഎ റവന്യൂവകുപ്പിന്റെ ഹിയറിങ്ങുകളിൽ ഹാജരാകാതെ ഉരുണ്ടുകളിക്കുന്നു. ഭയമില്ല, ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് ആവർത്തിക്കുമ്പോഴും ഹിയറിങ്ങിന് എത്താൻ എന്തോ ധൈര്യമില്ലായ്‌മ.
കെപിസിസി ജാഥയുടെ കാരണംപറഞ്ഞാണ് ആദ്യ ഹിയറിങ്ങിൽനിന്ന് മുങ്ങിയത്. കോൺഗ്രസ് മുൻ എംഎൽഎ മരിച്ചതിനാൽ പങ്കെടുക്കാനാവില്ലെന്നുപറഞ്ഞ് രണ്ടാമതും എത്തിയില്ല. ആഗസ്ത് 19ന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയിരിക്കുകയാണ്. ഇനി എത്തിയില്ലെങ്കിൽ ഭൂമി തിരിച്ചു പിടിക്കുന്നതിന് നോട്ടീസ് നൽകും. വാദം കേട്ട ശേഷമാകും നടപടി.
ഭൂ സംരക്ഷണ നിയമപ്രകാരം സർക്കാർ ഭൂ ബാങ്കിൽ ഉൾപ്പെടുത്തും. ചിന്നക്കനാൽ ആറാംവാർഡിൽ സർവേ നമ്പർ 34/1 ൽ കുഴൽനാടനും കൂട്ടുപങ്കാളികളുംചേർന്ന് 2022ൽ വാങ്ങിയത് റിസോർട്ട് ഉൾപ്പെടെ 1.21 ഏക്കറാണ്. 2008ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട ഈ സ്ഥലത്താണ് റിസോർട്ടുമുള്ളത്. സ്ഥലം വിൽക്കാനാവില്ല. എന്നാൽ, ചില റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോക്കുവരവ് ചെയ്യുകയായിരുന്നു.
ഒരുസെന്റ്‌ഭൂമിപോലും കൈയേറിയിട്ടില്ലെന്ന് കുഴൽനാടൻ പലതവണ പറഞ്ഞിരുന്നു. എന്നാൽ, ഉടുമ്പൻചോല താലൂക്ക് സർവെയറുടേയും ഹെഡ് സർവെയറുടേയും നേതൃത്വത്തിൽ രണ്ടുതവണ അളന്നപ്പോഴും 56 സെന്റ് കൈയേറിയതായി കണ്ടെത്തി. ഭൂമി വാങ്ങൽ നിയമപ്രകാരമാണെന്ന കുഴൽനാടന്റെ വാദങ്ങളെല്ലാം ഒന്നൊന്നായി പൊളിഞ്ഞു. വിവിധ അന്വേഷണങ്ങളിലും സർവെയിലും കൈയേറ്റം സ്ഥിരീകരിച്ചതിനെതുടർന്ന് ഇഡിയും പരിശോധിച്ചുവരുന്നു.









0 comments