കുഴൽനാടന് സുപ്രീംകോടതിയുടെ പ്രഹരം ; കൊണ്ടത് മാധ്യമങ്ങളുടെ മണ്ടയ്‌ക്കും

മിൽജിത് രവീന്ദ്രൻ
Published on Oct 08, 2025, 01:26 AM | 1 min read
തിരുവനന്തപുരം
സിഎംആർഎൽ കരാറുമായി ബന്ധപ്പെട്ട കേസിലെ സുപ്രീംകോടതി ഇടപെടൽ മാത്യു കുഴൽനാടനെ താങ്ങിനടന്ന മാധ്യമങ്ങൾക്കും തിരിച്ചടിയായി. കുഴൽനാടന്റെ അസംബന്ധ കഥ ആഘോഷമാക്കുകയും അതിന് തുടർവിഭവങ്ങൾ നൽകുകയും ചെയ്‌തതിൽ മുൻപന്തിയിൽ മനോരമയും മാതൃഭൂമിയും ഉണ്ടായിരുന്നു. ഇപ്പോൾ സുപ്രീംകോടതിയിൽനിന്നേറ്റ ആഘാതം സ്വന്തം തലയ്‌ക്കുകൂടി അർഹതപ്പെട്ടതാണെന്ന തിരിച്ചറിവിൽ വാർത്ത മറയ്‌ക്കാൻ പെടാപ്പാട് പെടുന്നതാണ് കാഴ്‌ച.
മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന കുഴൽനാടന്റെ അപ്പീൽ, മുഖ്യമന്ത്രിക്കും മകൾക്കും വേണ്ടി ഹാജരായ അഭിഭാഷകന്റെ എതിർവാദത്തിനുപോലും കാക്കാതെയാണ് കോടതി ചവറ്റുകുട്ടയിൽ തള്ളിയത്. മാത്രമല്ല, കുഴൽനാടനെ രൂക്ഷമായി വിമർശിക്കുകയും 10 ലക്ഷം രൂപ പിഴയിടട്ടേ എന്ന് ചോദിക്കുകയും ചെയ്‌തു. കുഴൽനാടന്റെ ആരോപണം ആയുധമാക്കി മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഒന്നാംപേജിൽ വെണ്ടയ്‌ക്ക നിരത്തുകയും ദിവസങ്ങളോളം പേജുകൾതന്നെ മാറ്റിവയ്‌ക്കുകയും ചെയ്‌തിരുന്ന ഇൗ മാധ്യമങ്ങൾ, സുപ്രീംകോടതി ഇടപെടലിനെ മൂലയ്‌ക്ക് ഒതുക്കി.
പത്താം പേജിലെ രണ്ടു കോളത്തിൽ മനോരമ വാർത്ത ഒതുക്കിയപ്പോൾ, കേസ് ഏതെന്ന് മനസിലാക്കണമെങ്കിൽ രണ്ടു കോളം വാർത്ത അവസാനംവരെ വായിക്കണമെന്നതാണ് മാതൃഭൂമിയിലെ സ്ഥിതി. മുഖ്യമന്ത്രിയുടെയും മകളുടെയും ചിത്രമടക്കംവച്ച് നിരന്തരം എതിർവാർത്ത നൽകിയിരുന്ന മാതൃഭൂമിയുടെ ചൊവ്വാഴ്‌ചത്തെ തലക്കെട്ട് ‘വിജിലൻസ് അന്വേഷണം വേണമെന്ന ഹർജി തള്ളി’ എന്നുമാത്രം. ആരുടേതാണ് ഹർജി എന്നോ, ആർക്കെതിരായ ഹർജി ആണെന്നോ ഒന്നുമില്ല.
കുഴൽനാടനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദം തുടർന്നപ്പോൾ 10 ലക്ഷം രൂപ പിഴ ഇടട്ടേ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. ഇക്കാര്യം ഇരുപത്രങ്ങളും ഒരുമയോടെ ഒഴിവാക്കി. കുഴൽനാടനെതിരെ രൂക്ഷ വിമർശമാണ് കോടതി ഉയർത്തിയത്. രാഷ്ട്രീയ യുദ്ധത്തിന് കോടതിയെ കരുവാക്കരുതെന്നും അത് ജനങ്ങളുടെ മുന്നിലാണ് നടത്തേണ്ടതെന്നുമാണ് കോടതി നൽകിയ താക്കീത്. നിഷ്‌പക്ഷ മുഖംമൂടിയണിഞ്ഞ് സിപിഐ എം വിരുദ്ധ രാഷ്ട്രീയ യുദ്ധത്തിലേർപ്പെട്ട മാധ്യമങ്ങൾക്കുകൂടി അവകാശപ്പെട്ടതാണ് ഇൗ താക്കീതും.








0 comments