ദേശീയ നിരക്ക് 88
മാതൃമരണനിരക്ക് 18 ആക്കി കുറച്ച് കേരളം ; 2020–22ലെ എസ്‌ആർഎസ് ബുള്ളറ്റിൻ പുറത്ത്

തിരുവനന്തപുരം
പ്രസവസമയത്തുള്ള മാതൃമരണനിരക്ക് (മെറ്റേണൽ മോർട്ടാലിറ്റി റേറ്റ് – എംഎംആർ) 18 ആക്കി കുറച്ച് രാജ്യത്തിന് മാതൃകയായി കേരളം. കേന്ദ്രസർക്കാരിന്റെ സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റം (എസ്‌ആർഎസ്) പുറത്തിറക്കിയ 2020–-22 വർഷത്തെ ബുള്ളറ്റിനിലാണ് ഈ വിവരമുള്ളത്. ദേശീയ തലത്തിൽ ഇത് 88 ആണ്.
വർഷങ്ങളായി ഏറ്റവും കുറഞ്ഞ മാതൃമരണ നിരക്കെന്ന നേട്ടം കേരളത്തിന് സ്വന്തമാണ്. ഒരുലക്ഷത്തിൽ എത്ര പ്രസവമരണം നടക്കുന്നുവെന്ന് പരിശോധിച്ചാണ് മാതൃമരണനിരക്ക് കണക്കാക്കുന്നത്.
2019–21 വർഷം 20 ആയിരുന്നു എംഎംആർ. ദേശീയ നിരക്ക് 93ഉം. ആഗോള മാതൃമരണ അനുപാതം 70ൽ താഴെയായി കുറയ്ക്കുക എന്നതാണ് ഐക്യരാഷ്ട്ര സംഘടന ലക്ഷ്യം. എന്നാൽ കേരളം ഇത് 18 ആക്കി. കോവിഡ് കാലത്തടക്കം കേരളത്തിന് വലിയ നേട്ടം സ്വന്തമാക്കാനായത് അഭിനന്ദാർഹവും അഭിമാനകരവുമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 2018–20ൽ 19, 2017–19ൽ 30, 2016–18ൽ 43, 2015–-17ൽ 42, 2014–16ൽ 46 എന്നിങ്ങനെയായിരുന്നു കേരളത്തിലെ മാതൃമരണ നിരക്ക്. ശിശുമരണത്തിലും രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്ക് കേരളത്തിലാണ്.
ഇതര സംസ്ഥാനങ്ങളിലെ എംഎംആർ
● മധ്യപ്രദേശ്–159
● ഉത്തർപ്രദേശ്–141
● ഒഡിഷ–136
● അസം–125
● പശ്ചിമ ബംഗാൾ–105
● ഉത്തരാഖണ്ഡ്–104
● ഗുജറാത്ത്–55
● കർണാടക–58
● ആന്ധ്രപ്രദേശ്–47
● തമിഴ്‌നാട്–38










0 comments