print edition മാസ്‌റ്റർ ബ്രെയിൻ ഗവർണർ, ഓർഡർലി വിസി

‘‘ഗവർണർ ഡിജിപിയെ വിളിപ്പിച്ചെന്നും മുകളിൽനിന്ന് നിർദേശമുണ്ടെന്നും പൊലീസ് പറഞ്ഞു. കസ്‌റ്റഡിയിൽ എടുത്തശേഷമാണ് രണ്ടാമത്തെ എഫ്‌ഐആർ ഇട്ടത്. വിസിയെ മുടിയിൽ കുത്തിപ്പിടിച്ചു, ദേഹോപദ്രവം ഏൽപ്പിച്ചു, വാഹനത്തിൽ ഇടിച്ചു എന്നീ നുണകളായിരുന്നു അതിൽ. എസ്‌എഫ്‌ഐ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തത് ചാൻസലർ–വിസി തിരക്കഥയിലാണ്.
സർവകലാശാലയുടെ ഉന്നതപദവിയിലുള്ള ഒരാൾക്ക് എങ്ങനെയാണ് ഇല്ലാത്തതുപറഞ്ഞ് സ്വന്തം വിദ്യാർഥികളെ പൊലീസിനെക്കൊണ്ട് അറസ്‌റ്റ് ചെയ്യിക്കാൻ കഴിയുക’’– സംസ്‌കൃത സർവകലാശാല വിസിയും സംഘപരിവാർ പക്ഷപാതിയുമായ സിസ തോമസിന്റെ കള്ളപ്പരാതിയിൽ പൊലീസ് ജയിലിലടച്ച പി ജി വിദ്യാർഥി ബേസിൽ സ്‌കറിയയുടെ വാക്കുകളാണിത്. സർവകലാശാലയിലെ സംഘപരിവാർ–യുഡിഎഫ് വേട്ടയുടെ നേർചിത്രം. റിമാൻഡിലായ ബേസിലുൾപ്പെടെ നാല് എസ്‌എഫ്‌ഐ പ്രവർത്തകർക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. സർവകലാശാലയെ വർഗീയ– വലതുപക്ഷ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കുകയാണ് യുഡിഎഫ് സർക്കാർ.
അടിസ്ഥാനസൗകര്യങ്ങൾക്കായി ശബ്ദമുയർത്തിയ വിദ്യാർഥികളെ കള്ളക്കേസിൽ കുടുക്കി. ഗസ്‌റ്റ് അധ്യാപക നിയമനം സമയബന്ധിതമായി നടപ്പാക്കുക, കോഴ്‌സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് നൽകുക, അടിസ്ഥാനസൗകര്യം വർധിപ്പിക്കുക, വിസിയുടെ സേവനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വിദ്യാർഥിസമരം. പ്രാഥമികാന്വേഷണം പോലുമില്ലാതെയാണ് എസ്‌എഫ്‌ഐ പ്രവർത്തകരെ റിമാൻഡിലാക്കിയത്. കാലടി പൊലീസ് രജിസ്‌റ്റർചെയ്‌ത രണ്ട് എഫ്‌ഐആറും യുഡിഎഫ്–സംഘപരിവാർ ഗൂഢാലോചന വ്യക്തമാക്കുന്നു.
സർവകലാശാല സിൻഡിക്കറ്റിലെ നാല് സംഘപരിവാറുകാരെ ഗവർണറാണ് നാമനിർദേശംചെയ്‌തത്. സിൻഡിക്കറ്റ് ചേർന്ന ദിവസത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട ആദ്യ എഫ്‌ഐആർ 13 പേർക്കെതിരെയും കണ്ടാലറിയുന്ന 65 പേർക്കെതിരെയുമായിരുന്നു. അന്ന് വിദ്യാർഥികൾ ആക്രമിച്ചെന്ന് വിസി പറഞ്ഞില്ല. ഗവർണറുമായുള്ള ആശയവിനിമയശേഷമാണ് എസ്‌എഫ്‌ഐ പ്രവർത്തകരെ ഉന്നമിട്ടത്.
തിയറ്റർ പഠിതാക്കൾക്ക് നാടകാവതരണത്തിനുവേണ്ട ഉപകരണങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് വിദ്യാർഥികൾ ‘ലൈറ്റ് മരിച്ചേ’ എന്ന പ്രതിഷേധനാടകം അവതരിപ്പിച്ചത്. മരിച്ചുപോയ ലൈറ്റിന് അന്ത്യോപചാരം അർപ്പിക്കുന്ന രംഗങ്ങൾ വിസിയുടെ മൃതദേഹം സംസ്‌കരിക്കുന്നതാക്കി സർവകലാശാല അധികൃതർ ദുർവ്യാഖ്യാനംചെയ്‌തു. കോൺഗ്രസുകാരനായ പിആർഒ മാധ്യമങ്ങൾക്ക് വാർത്തയും നൽകി.
ഒന്നും ചെയ്യാതെ ദാസ്യവേല
സർവകലാശാലയെ ഉന്നതനിലവാരത്തിലേക്ക് ഉയർത്തേണ്ട വിസിയും സർക്കാരും അതുചെയ്യാതെ വിദ്യാർഥികളെ വേട്ടയാടുകയാണ്. വെളിച്ച, ശബ്ദ സംവിധാനത്തിന് വാടകയിനത്തിൽ കൈയിൽനിന്ന് പണം ചെലവിടേണ്ട ഗതികേടിലാണ് തിയറ്റർ വിദ്യാർഥികൾ. നൃത്തവിദ്യാർഥികൾ അഭ്യസിക്കുന്ന ഇടം പൊളിഞ്ഞ് ആണികൾ പുറത്തുവന്ന നിലയിലാണ്. ഗവേഷകർക്ക് ഫെല്ലോഷിപ് മുടങ്ങിയിട്ട് മാസങ്ങളായി. പുതുതായി പ്രവേശനം തേടിയവർക്ക് ഫെല്ലോഷിപ്പിന് വിജ്ഞാപനം ക്ഷണിച്ചിട്ടില്ല. പുതിയ കോഴ്‌സുകൾക്ക് അനുസൃതമായ ക്ലാസ്‌മുറികളുമില്ല.
(തുടരും)










0 comments