പവർഫുൾ വിദ്യാർഥിനികൾക്കായി മാസ്‌റ്റർ പ്ലാൻ ഒരുങ്ങുന്നു


സ്വാതി സുജാത
Published on Sep 29, 2025, 12:21 AM | 1 min read
തിരുവനന്തപുരം
കോളേജ് പഠനത്തിനുശേഷം എന്തുചെയ്യുമെന്ന ആശങ്ക ഇനി വിദ്യാർഥിനികളെ അലട്ടില്ല. ഇഷ്‌ടവും കഴിവും കണ്ടെത്തി ലക്ഷ്യബോധത്തോടെ മുന്നേറാൻ കുടുംബശ്രീ വ്യക്തിഗത മാസ്‌റ്റർ പ്ലാൻ ഒരുക്കുന്നു. ഓരോരുത്തരെയും കഴിവുകള്‍ തിരിച്ചറിഞ്ഞ് കൃത്യമായ പദ്ധതികൾ തയ്യാറാക്കാനും തൊഴിൽ രംഗത്തേക്ക് പ്രവേശിക്കാനും പ്രാപ്തമാക്കുക, അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തി വരുമാനം നേടാൻ സഹായിക്കുക, സ്കിൽ ഡെവലപ്മെന്റ്, സംരംഭകത്വം, സ്വയം വഴങ്ങുന്ന ജോലികൾ തുടങ്ങിയ സാധ്യതകൾ മനസ്സിലാക്കാൻ സഹായിക്കുക, ലിംഗസമത്വം ഉറപ്പുള്ള തൊഴിൽ പരിസ്ഥിതി രൂപപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീ ജെൻഡർ വിഭാഗം "വിമൻ പവർ: ലൈഫ് മാസ്റ്റർ പ്ലാൻ പ്രിപ്പറേഷൻ' വിഭാവനം ചെയ്തത്.
വിദ്യാർഥിനികളിലെ കഴിവുകൾ, സ്കില്ലുകൾ, വെല്ലുവിളികൾ എന്നിവ തിരിച്ചറിയാൻ ഡാറ്റാ ശേഖരണവും വിശകലനവും നടത്തുകയാണ് ആദ്യപടി. ഇതിനായി ഓരോ വിദ്യാർഥിനിക്കും അനുയോജ്യമായ "ലൈഫ് മാസ്റ്റർ പ്ലാൻ" രൂപപ്പെടുത്താൻ പരിശീലനം നൽകും. വിദ്യാർഥിനികളെ കുടുംബശ്രീയുടെയും മറ്റ് സംസ്ഥാന, കേന്ദ്ര പദ്ധതികളുടെയും പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കും. സമൂഹത്തിൽ വനിതാ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി വർക്‌ഷോപ്പുകൾ, ക്യാമ്പെയിനുകൾ, ലീഡർഷിപ് പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ.
ആദ്യ വർക്‌ഷോപ് 29ന് തിരുവനന്തപുരം കെടിഡിസി ചൈത്രത്തിൽ നടക്കും. ഓരോ കോളേജില്‍നിന്നും ഒരു അധ്യാപിക, രണ്ട് വിദ്യാർഥിനികൾ, എല്ലാ ജില്ലകളില്‍ നിന്നുള്ള ജെൻഡർ ഡിപിഎം, തദ്ദേശ സ്വയംഭരണ സ്പെഷ്യല്‍ സെക്രട്ടറി, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവർ പങ്കെടുക്കും. ആദ്യ ഘട്ടമായി എറണാകുളം ജില്ലയിൽ മഹാരാജാസ് കോളേജിലും പദ്ധതി നടപ്പാക്കും.









0 comments