ad
Deshabhimani

print edition നടത്തിയിരുന്നത്‌ വൻ മനുഷ്യക്കടത്ത്‌ റാക്കറ്റ്‌: കമ്പോഡിയയിലേക്ക്‌ അയച്ചത്‌ നൂറോളംപേരെ

Sexual Assault
avatar
സ്വന്തം ലേഖകൻ

Published on Jun 09, 2026, 12:01 AM | 1 min read

കൊച്ചി: കമ്പോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സൈബർതട്ടിപ്പ് സംഘത്തലവൻ പാലക്കാട് സ്വദേശി അബ്ദുറഹ്മാൻ നടത്തിയിരുന്നത്‌ വൻ മനുഷ്യക്കടത്ത്‌ റാക്കറ്റ്‌. മലയാളികൾ ഉൾപ്പെടെ നൂറാേളം പേരെയാണ്‌ ഇയാൾ കയറ്റി അയച്ചതെന്ന്‌ അന്വേഷകസംഘം ക ണ്ടെത്തി. നിരവധി സ്‌ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്‌. മനുഷ്യക്കടത്ത്‌ നടന്നിട്ടുണ്ടെന്ന്‌ തെളിഞ്ഞതിനാൽ കേന്ദ്ര ഏജൻസികൾ അ ന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ്‌ കോടതിയിൽ റിപ്പോർട്ട്‌ നൽകും.


ജോലി വാഗ്‌ദാനംചെയ്‌ത്‌ നിരവധിയാളുകളുമായി നടത്തിയ ഓൺലൈൻ വീഡിയോ അഭിമുഖങ്ങളുടെ ദൃശ്യങ്ങൾ അബ്ദുറഹ്മാന്റെ ലാപ്‌ടോപ്പിൽനിന്നും ഐ ഫോണിൽനിന്നും പൊലീസിന്‌ ലഭിച്ചു. ഇയാളുടെ ഒരു ഫോൺകൂടി കണ്ടെത്താനുണ്ട്‌. അഭിമുഖത്തിൽ തെരഞ്ഞെടുക്കുന്നവരെ വിസിറ്റിങ്‌ വിസയിൽ തായ്‌ലൻഡ്‌, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ എത്തിച്ചശേഷം റോഡ് മാർഗം കമ്പോഡിയൻ അതിർത്തിയിൽ എത്തിക്കും. ഇവിടെയുള്ള പൊലീസുകാർക്ക്‌ കൈക്കൂലി നൽകി അതിർത്തി കടത്തിവിടും. പാസ്‌പോർട്ട്‌ വാങ്ങിവച്ചിട്ടാണ്‌ കന്പോഡിയയിലേക്ക്‌ വിടുക. അവിടെ പിടിക്കപ്പെട്ടാൽ രേഖകളില്ലാതെ കുടുങ്ങും. ​മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട ഡോക്ടറിൽനിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്‌ അബ്ദുറഹ്മാൻ അറസ്‌റ്റിലായത്‌. ‘ഓപ്പറേഷൻ കമ്പോഡിയ’ എന്ന പേരിലായിരുന്നു അന്വേഷണം. റിമാൻഡിലുള്ള അബ്ദുറഹ്മാനെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും.


സമൂഹമാധ്യമങ്ങളിലൂടെ ട്രേഡിങ്, ലോൺ ആപ്പ് പരസ്യങ്ങൾവഴിയും മാട്രിമോണിയൽ സൈറ്റുകളും വഴിയായിരുന്നു തട്ടിപ്പ്‌. സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരിൽ ആയിരത്തിലധികം വ്യാജ മാട്രിമോണി പ്രൊഫൈലുകൾ സൃഷ്ടിച്ചതായി കണ്ടെത്തി. ഇതിന്റെ വിവരങ്ങളടക്കം കോടതിയിൽ സമർപ്പിക്കും. വിവാഹാലോചനയുടെ പേരിൽ സൗഹൃദം സ്ഥാപിച്ചശേഷം ട്രേഡിങ്ങിലേക്ക് നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു സംഘം ചെയ്‌തിരുന്നത്‌. ഉയർന്ന ലാഭം വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home