അന്താരാഷ്ട്ര ലഹരി വിൽപ്പനക്കാരൻ അറസ്റ്റിൽ

കോഴിക്കോട്: അന്താരാഷ്ട്ര രാസലഹരി കേസിൽ ഒരു കണ്ണിയെക്കൂടി പൊലീസ് അറസ്റ്റുചെയ്തു. നൈജീരിയൻ സ്വദേശി ചുക്വജേക്വ എബെനെസിർ ഉമേഹ് (65) നെയാണ് കസബ പൊലീസ് ഡൽഹിയിൽ നിന്ന് പിടിച്ചത്. പുതിയ ബസ് സ്റ്റാന്റിൽ അരക്കോടിയിലേറെ രൂപ വിലമതിക്കുന്ന അതിമാരക രാസ ലഹരിയുമായി പിടികൂടിയ കേസിലെ പ്രധാന കണ്ണിയാണ് ഇയാൾ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരനാണ്.
കഴിഞ്ഞ നവംബർ 24ന് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലാവുന്ന അഞ്ചാമത്തെ പ്രതിയാണ് ഉമേഹ്. ബംഗളുരുവിൽ നിന്നും ടൂറിസ്റ്റ് ബസിൽ വാട്ടർ ഹീറ്ററിനുള്ളിൽ അതിവിദഗ്ധമായി സ്റ്റിക്കർ ഉപയോഗിച്ച് ടാപ്പ് ചെയ്ത് കടത്തുകയായിരുന്ന മയക്കുമരുന്നുമായി നാലുപേർ പിടിയിലായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതിയെക്കുറിച്ച് മനസിലായത്. തുടർ പരിശോധനയിൽ വലിയ തുക നൈജീരിയൻ സ്വദേശിയുടെ അക്കൗണ്ടിലേക്ക് പോയിട്ടുണ്ടെന്ന് വ്യക്തമായി. സൈബർസെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ഡൽഹിയിലുണ്ടെന്ന് കണ്ടെത്തി.
കസബ സിഐ പി ജെ ജിമ്മി, എഎസ്‌ഐ സജേഷ് കുമാർ, സീനീയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജിത്ത്, ദീപു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. രണ്ട് മൊബൈൽ ഫോണുകളും പ്രതിയുടെ എമർജൻസി ട്രാവൽ സർട്ടിഫിക്കറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പണം അക്കൗണ്ടിൽ എത്തിയാൽ ഡൽഹിയിലെ ഓട്ടോ ഡ്രൈവർമാരുടെയും ഇതര തൊഴിലാളികളുടെയും അക്കൗണ്ടിലേയ്ക്ക് അയച്ചുകൊടുത്ത് പണം പിൻവലിപ്പിക്കുകയും രണ്ട് ശതമാനം കമീഷൻ നൽകുകയും ചെയ്‌തിരുന്നു.
ഈ പണം പ്രതി നൈജീരിയലേക്ക് മണി ട്രാൻസ്ഫർ വഴി കൈമാറും. ഒരു കോടിയിലേറെ രൂപ പ്രതിയുടെ അക്കൗണ്ടിൽ വന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നിലവിൽ ഈ കേസിൽ അറസ്റ്റിലായ കൂട്ടുപ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.










0 comments