print edition അഗ്‌നിരക്ഷാ സേനയിൽ കൂട്ട സ്ഥലംമാറ്റം; സംഘടനാ നേതാക്കളെ തെരഞ്ഞുപിടിച്ച് മാറ്റി


സ്വന്തം ലേഖകൻ
Published on Jun 20, 2026, 12:00 AM | 1 min read
തിരുവനന്തപുരം: അഗ്‌നി രക്ഷാസേനയിൽ കരട് സ്ഥലംമാറ്റ ഉത്തരവ് അട്ടിമറിച്ച് സംഘടനാ നേതാക്കൾക്കുൾപ്പെടെ കൂട്ട സ്ഥലംമാറ്റം. മേധാവി നിതിൻ അഗർവാൾ നേരത്തെ തയ്യാറാക്കിയ കരട് പട്ടികയാണ് അട്ടിമറിച്ചത്. അന്തിമ സ്ഥലംമാറ്റ പട്ടിക ഉടൻ ഇറങ്ങും. വിരമിച്ച യുഡിഎഫ് അനുകൂലികൾ ലക്ഷങ്ങൾ കോഴ വാങ്ങി ഇഷ്‌ടക്കാർക്ക് സ്ഥലംമാറ്റം നൽകിയതായും പരാതിയുണ്ട്.
സെക്രട്ടറിയറ്റിലെ ഫയർമാൻ പോസ്‌റ്റിലേക്ക് അങ്കമാലിയിലുള്ളയാളെ വർക്കിങ് അറേഞ്ച്‌മെന്റിൽ നിയമിച്ചതും വിവാദമായി. തിരുവനന്തപുരം സ്‌റ്റേഷനിലുള്ളവരെയാണ് ഇൗ സ്ഥാനത്ത് നിയമിക്കുക. പുതുതായി നിയമിക്കപ്പെട്ടയാൾ യുഡിഎഫ് അനുകൂല സംഘടനയുടെ ഭാരവാഹിയാകാനുള്ള ഒരുക്കത്തിലാണ്. ഫയർമാൻമുതൽ സ്‌റ്റേഷൻ ഓഫീസർവരെ 1184 പേരുടെ സ്ഥലമാറ്റത്തിന്റെ കരട് പട്ടികയാണ് ഇറങ്ങിയത്. തിരുവനന്തപുരത്തെ നാല് സ്‌റ്റേഷൻ ഓഫീസർമാരെ തൃശൂരിലേക്കാണ് മാറ്റിയത്. കേരള ഫയർഫോഴ്‌സ് ഓഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി സജിത്തും പട്ടികയിലുണ്ട്. കൊല്ലത്തെ ഒരു ഫയർമാനെ മാന്തവാടിയിലേക്ക് മാറ്റി. കണ്ണൂരിലെ സംഘടനാ നേതാക്കളെ കാസർകോട്ടേക്ക് മാറ്റിയെങ്കിലും കണ്ണൂരിൽ പകരം ആളെ നിയമിച്ചിട്ടില്ല. കോഴിക്കോടുനിന്ന് എട്ടുപേരെ ഒരു വർഷം തികയുംമുന്പ് കാസർകോട്, കണ്ണൂർ ജില്ലകളിലേക്ക് മാറ്റി.
ജൂലൈ ആദ്യം നടപ്പാക്കേണ്ടതാണ് പൊതുസ്ഥലംമാറ്റം. അതിനായി മാനദണ്ഡപ്രകാരം തയ്യാറാക്കിയ പട്ടിക അട്ടിമറിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നതോടെ അഗ്‌നിരക്ഷാ സേനയിൽ സംഘടനാ ഭാരാവഹികളായ ചിലരടങ്ങിയ ലോബി പിടിമുറുക്കിയിട്ടുണ്ട്‌ഴ സ്ഥലമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയില്ലെന്നും പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.









0 comments