മാണി സി കാപ്പന്റെ പാർടിയിൽ കൂട്ടരാജി

സ്വന്തം ലേഖകൻ
Published on Aug 05, 2026, 07:18 AM | 1 min read
കോട്ടയം: മാണി സി കാപ്പൻ എംഎൽഎ നേതൃത്വം നൽകുന്ന കേരള ഡമോക്രാറ്റിക്ക് പാർടിയിൽ (കെഡിപി) പൊട്ടിത്തെറി. സംസ്ഥാന ജില്ലാ നേതാക്കൾ അടക്കമുള്ളവർ കൂട്ടരാജിവച്ചു. സംസ്ഥാന സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക് – മണ്ഡലം പ്രസിഡന്റുമാരടക്കം 14 പേരാണ് പാർടിയിൽനിന്നും രാജിവച്ചത്.
ജില്ലാ പ്രസിഡന്റ് നിബു എബ്രഹാം, സംസ്ഥാന സെക്രട്ടറി നീണ്ടൂർ പ്രകാശ്, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷാജി കുറുമുട്ടം, ജില്ലാ സെക്രട്ടറിമാരായ ഷാജി മറ്റത്തിൽ, മുഹമ്മദ് ഹനീഫ, പ്രമോദ് കക്കാട്, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഏബ്രഹാം തോമസ്, ഏബ്രഹാം തോമസ് (ബാബു മോൻ), പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് അജിത് മുണ്ടക്കയം, കോട്ടയം ബ്ലോക്ക് പ്രസിഡന്റ് ഷിബു നാട്ടകം, ചങ്ങനാശേരി ബ്ലോക്ക് പ്രസിഡന്റ് സോണി കുട്ടംപേരൂർ, ചങ്ങനാശേരി മണ്ഡലം പ്രസിഡന്റ് സോജു കുട്ടംപേരൂർ, മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് സന്തോഷ് സെബാസ്‌റ്റ്യൻ, പായിപ്പാട് മണ്ഡലം പ്രസിഡന്റ് റിറ്റു ചെറിയാൻ, വാഴപ്പള്ളി മണ്ഡലം പ്രസിഡന്റ് അലൻ കുന്നത്ത് എന്നിവരാണ് രാജിവെച്ചത്. രാജിവച്ചവർ സംസ്ഥാന പ്രസിഡന്റ് കെ ജെ ജോസ്‌മോന് രാജിക്കത്ത് നൽകി.
പാർടിയിൽ മാണി സി കാപ്പൻ സ്വീകരിക്കുന്ന ഏകാധിപത്യ സമീപനവും ജനാധിപത്യവിരുദ്ധ നയങ്ങളുമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. ജയിച്ചിട്ടും ഒരു മന്ത്രി സ്ഥാനം പോലും നേടാനോ ബോർഡ് കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങൾ പോലും യുഡിഎ-ഫിൽ നിന്ന് വാങ്ങാനോ കഴിഞ്ഞിട്ടില്ല. കൂടെ ഉള്ളവരെ തഴയുന്ന സമീപനമാണ് കഴിഞ്ഞ കുറേ നാളായി കാപ്പൻ സ്വീകരിച്ചുവരുന്നത്. ഇതിനെതിരെ ഏറെ നാളായി പാർടിയിൽ ഭിന്നത തുടങ്ങിയിട്ട്. ജില്ലയിൽ സ്വാധീനമുള്ള ജില്ലാ പ്രസിഡന്റ് നിബുവിന്റെയും കൂട്ടരുടെയും രാജി പാർടിയുടെ നിലനിൽപ്പിനെ ബാധിക്കും.










0 comments