തദ്ദേശ തെരഞ്ഞെടുപ്പ്
ജ്വലിക്കുന്ന ഓർമകൾ കരുത്താകും; എസ്എഫ്ഐ നേതാക്കൾക്ക് കെട്ടിവയ്‌ക്കാൻ തുക നൽകി രക്തസാക്ഷികളുടെ കുടുംബങ്ങൾ

കണ്ണൂർ: രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓർമകൾ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എസ്എഫ്ഐ നേതാക്കൾക്ക് കരുത്താകും. പോരാട്ടവീഥിയിൽ കനലോർമയായ രക്തസാക്ഷികളുടെ സ്മരണയിൽ കുടുംബാംഗങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എസ്എഫ്ഐ നേതാക്കൾക്ക് കെട്ടിവയ്‌ക്കാനുള്ള തുക കൈമാറി.
രക്തസാക്ഷി ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ, അമ്മ പുഷ്പലത, കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷന്റെ അമ്മ നാരായണി, കെ സി രാജേഷിന്റെ സഹോദരി കെ സി വത്സല എന്നിവരാണ് എസ്എഫ്ഐ നേതാക്കൾക്ക് കെട്ടിവയ്‌ക്കാൻ തുക കൈമാറിയത്.
ജില്ലാ പഞ്ചായത്ത് പേരാവൂർ ഡിവിഷൻ സ്ഥാനാർഥി നവ്യ സുരേഷ്, പിണറായി ഓലായിക്കര വാർഡിലെ സ്ഥാനാർഥി കെ നിവേദ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അടക്കാത്തോട് ഡിവിഷനിലേക്ക് മത്സരിക്കുന്ന കെ കെ ഗിരീഷ്, ധർമടം ആറാം വാർഡ് അണ്ടല്ലൂർ വാർഡ് സ്ഥാനാർഥി പി കെ ബിനിൽ, ആലക്കോട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് സ്ഥാനാർഥി സി ജെ ക്രിസ്റ്റി, പട്ടുവത്തെരു പഞ്ചായത്തിലെ ഒന്നാം വാർഡ് സ്ഥാനാർഥി എം വർണ എന്നീ സ്ഥാനാർഥികൾക്കാണ് കെട്ടിവയ്‌ക്കാനുള്ള തുക കൈമാറിയത്.
എ കെ ജി ഹാളിൽ നടന്ന പരിപാടിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ശരത്ത് രവീന്ദ്രൻ, പ്രസിഡന്റ് ടി പി അഖില ജില്ലാ വൈസ് പ്രസിഡന്റ് പി കെ സനന്ദ്കുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഞ്ജലി സന്തോഷ്, സ്വാതി പ്രദീപൻ എന്നിവർ സംസാരിച്ചു.









0 comments