print edition മാരിടൈം ബോർഡ് പിരിച്ചുവിട്ടത് രഹസ്യകച്ചവടത്തിന്: വി എൻ വാസവൻ

Mission Samudra
കോട്ടയം: മാരിടൈം ബോർഡിനെ മുടന്തൻന്യായങ്ങൾ പറഞ്ഞ് പിരിച്ചുവിട്ടത് മിഷൻ സമുദ്രയുടെ മറവിൽ സംസ്ഥാന സർക്കാർ നടത്തുന്ന രഹസ്യകച്ചവടങ്ങൾക്ക് വഴിയൊരുക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് ബോർഡുകൾ പോലെ പിരിച്ചുവിടാവുന്നതല്ല മാരിടൈം ബോർഡ്.
സാമ്പത്തിക ക്രമക്കേടും സിഎജി ഓഡിറ്റുമാണ് ഒരു കാരണമായി പറഞ്ഞിരിക്കുന്നത്. ഇത് പൂർണമായും വസ്‌തുതാവിരുദ്ധമാണ്. മാരിടൈം ബോർഡിൽ സിഎജി നേരിട്ട് ഓഡിറ്റ് നടത്തിയിട്ടില്ല. പാർലമെന്റ് പാസാക്കിയ ഡിപിസി നിയമപ്രകാരം സിഎജിക്ക് ബോർഡിൽ നേരിട്ട് ഓഡിറ്റ് ചെയ്യാൻ അധികാരമില്ല.
ബോർഡ് രൂപീകരിക്കുന്നതിനു മുമ്പ് തുറമുഖ വകുപ്പായിരുന്ന കാലത്തെ പഴയ ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങളാണ് ഇപ്പോഴത്തെ ബോർഡിനെതിരെ ഉപയോഗിച്ചത്.
വാർഷിക പ്രവർത്തന റിപ്പോർട്ടുകൾ സമർപ്പിച്ചില്ല എന്നതാണ് മറ്റൊരു കാരണമായി പറയുന്നത്. 2017 മുതൽ കുടിശ്ശികയായിരുന്ന ബോർഡിന്റെ മുഴുവൻ ഭരണനിർവഹണ റിപ്പോർട്ടുകളും 2022 വരെ തയ്യാറാക്കി സർക്കാരിന് നൽകി. 2022ന് ശേഷമുള്ള പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിക്കാൻ തയ്യാറായിരുന്നതാണ്.
നിലവിൽ 25ഓളം പദ്ധതികൾ നിശ്‌ചയിച്ച്, അതിൽ പത്ത് പ്രോജക്ടുകൾ പൊതു-–സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വകസിപ്പിക്കാൻ നിക്ഷേപകരെ കണ്ടെത്തി ബോർഡ് മുന്നോട്ടുപോകുമ്പോഴാണ് പിരിച്ചുവിടാൻ തീരുമാനിച്ചത്. കൊല്ലം, വിഴിഞ്ഞം, ബേപ്പൂർ, അഴീക്കൽ എന്നീ തുറമുഖങ്ങളെ വലിയ തുറമുഖങ്ങളാക്കി വികസിപ്പിക്കാനും തീരുമാനമെടുത്തിരുന്നു.
നടപ്പാക്കിവന്നത് സുപ്രധാന പദ്ധതികൾ
മാരിടൈം ബോർഡിന്റെ സുപ്രധാനമായ പത്ത് പദ്ധതികളിൽ നാലെണ്ണം എൽഡിഎഫ് സർക്കാർ അംഗീകരിച്ചിരുന്നു. അതിൽ കൊല്ലം–നീണ്ടകര "മാരിടൈം എഡ്യുക്കേഷൻ ഹബ് ആൻഡ് എഡ്യുടെയ്‌ൻമെന്റ്' കരാറിലേക്ക് നീങ്ങിയിരുന്നു. കൊല്ലം കെഎസ്‌ആർടിസി സ്‌റ്റാൻഡിനടുത്ത് 2015 മുതൽ വെറുതെ കിടക്കുന്ന ഒന്നരയേക്കർ വാട്ടർ ഫ്രണ്ടേജ് ഭൂമിയിലെ ഇരുനില കെട്ടിടം പൊതു-–സ്വകാര്യ പങ്കാളിത്തം വഴി വികസിപ്പിക്കാൻ ഏജൻസിയെ തെരഞ്ഞെടുത്തിരുന്നു. പൊന്നാനി കപ്പൽ നിർമാണ ശാല, പൊന്നാനി മറൈൻ പാർക്ക്, കോഴിക്കോട് സൗത്ത് ബീച്ച് വികസനം, കോഴിക്കോട് ഫൺ സിറ്റി എന്നിവയും ഉൾപ്പെടുന്നു. ഇതെല്ലാം ഇല്ലാതാക്കി ബോർഡിനെ പിരിച്ചുവിടുന്നത് ഏറെ ദുരൂഹമാണെന്നും വി എൻ വാസവൻ പറഞ്ഞു.










0 comments