സ്വകാര്യ സംരംഭകർക്ക് അവസരമൊരുക്കി മാരിടൈം ബോർഡ്

തിരുവനന്തപുരം: തുറമുഖവകുപ്പിനു കീഴിൽ നിഷ്‌ക്രിയമായി കിടക്കുന്ന ആസ്തികൾ സ്വകാര്യ പങ്കാളിത്തത്തോടെ വാണിജ്യ ആവശ്യങ്ങൾക്കായി വികസിപ്പിക്കാൻ പദ്ധതികളുമായി കേരള മാരിടൈം ബോർഡ്. തുറമുഖമായി വികസിപ്പിക്കാൻ കഴിയാത്ത തുറമുഖ ഭൂമികൾ, കെട്ടിടങ്ങൾ, യന്ത്രസാമഗ്രികൾ ഇവയെല്ലാം വാണിജ്യ ആവശ്യങ്ങൾക്കായി വിനിയോഗിച്ച് സാമ്പത്തിക വികസനത്തിനും തൊഴിൽ സാധ്യതകൾ വർധിപ്പിക്കാനുമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്.
ആദ്യ ഘട്ടമായി വിഭാവനം ചെയ്തവ ടെൻഡർ നടപടികളിലേക്ക് കടന്നു. പുതിയ പദ്ധതികൾക്ക് താൽപ്പര്യപത്രം ക്ഷണിച്ചു. തുറമുഖ വികസനം, മാരിടൈം വിദ്യാഭ്യാസം, മാരിടൈം ടൂറിസം, മാരിടൈം വ്യവസായം, ലോജിസ്റ്റിക്സ് മേഖലകൾക്കാണ് ഊന്നൽ നൽകുന്നത്. കോഴിക്കോട് കടൽത്തീരത്തുള്ള വിവിധ തുറമുഖ ഭൂമികൾ, പോർട്ട് ബംഗ്ലാവ്, നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്, കൊല്ലം ആ ശ്രാമം കെടിഡിസി കെട്ടിടത്തിനുസമീപമുള്ള തുറമുഖ ഭൂമിയിലെ മാരിടൈം ടൂറിസം പദ്ധതി, മലപ്പുറം പൊന്നാനി, കാസർകോട് തളങ്കര എന്നിവിടങ്ങളിലെ മാരിടൈം ടൂറിസം പദ്ധതി, വലിയതുറ തുറമുഖ ഭൂമി, പൊന്നാനിയിലെ മാരിടൈം ഇൻഡസ്ട്രി പദ്ധതി, നോ ൺ മേജർ തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള ക്രൂയിസ് ടൂറിസം പദ്ധതി, വലിയതുറ ടൂറിസം പദ്ധതി, തലശേരി ടൂറിസം പദ്ധതി തുടങ്ങിയ പദ്ധതികളാണ് ടെൻഡറിൽ എത്തിനിൽക്കുന്നത്.
അടുത്ത ഘട്ടമായി വിഴിഞ്ഞത്തുള്ള തുറമുഖ ഭൂമി, അഴീക്കൽ ലൈറ്റ് ഹൗസ് പദ്ധതി, ആശ്രാമം സ്റ്റേഡിയത്തിനുസമീപമുള്ള തുറമുഖ ഭൂമി എന്നിവ വികസിപ്പിക്കാനുള്ള ആലോചനകൾ ബോർഡുതലത്തിൽ നടക്കുന്നുണ്ട്. ഇതോടൊപ്പം മാരിടൈം ബോർഡിനുകീഴിലുള്ള -വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളുടെ പ്രവർത്തനം വിഴിഞ്ഞം തുറമുഖം മാതൃകയിൽ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാനുള്ള ബോർഡിന്റെ നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്.








0 comments