എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലെ അനധികൃത മീന്‍പിടിത്തം ; മറൈൻ പോളിസി നടപ്പാക്കാതെ കേന്ദ്രം

പി ആർ ദീപ്‌തി
Published on Apr 16, 2025, 03:12 AM | 1 min read
കൊല്ലം : കുത്തക കപ്പൽ കമ്പനികൾക്ക് തീരം കൊള്ളയടിക്കാൻ അവസരം ഒരുക്കാൻ ‘മറൈൻ പോളിസി’ നടപ്പാക്കാതെ കേന്ദ്രം. കേന്ദ്ര അധികാരപരിധിയിലുള്ള 12മുതൽ 200നോട്ടിക്കൽ മൈൽ വരെയുള്ള എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ (ഇഇഇസഡ്)അനധികൃത വലകളും ലൈറ്റ് ഫിഷിങ് അടക്കമുള്ള നിരോധിത രീതികളും ഉപയോഗിച്ച് ചെറുമത്സ്യങ്ങളെ ഉൾപ്പെടെ കോരിയെടുക്കുന്ന യാനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള മറൈൻ ഫിഷിങ് റെഗുലേഷൻ നിയമത്തിന്റെ (മറൈൻ പോളിസി)അന്തിമ കരട് തയ്യാറാക്കിയത് 2019ലാണ്. അനധികൃത മീന്‍പിടിത്ത രീതി നിയന്ത്രിക്കാൻ നിയമം അനിവാര്യമാണെന്നത് കേരളത്തിന്റെ ദീർഘകാല ആവശ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നിർദേശങ്ങൾ അംഗീകരിച്ച് അന്തിമകരടും തയ്യാറാക്കി. എന്നാൽ, നിയമമാക്കാതെ മരവിപ്പിച്ചിരിക്കുകയാണ്.
വിനാശകരമായ മീന്‍പിടിത്ത രീതികൾ മത്സ്യസമ്പത്തിന്റെ സുസ്ഥിരതയ്ക്ക് കോട്ടം വരുത്തുന്നതും പരമ്പരാഗത തൊഴിലാളികളുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്നതും ഉൾപ്പെടെയുള്ള ദീർഘകാല പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനറിപ്പോർട്ടുകൾ പോലും വിലമതിക്കാതെയാണ് കേന്ദ്രനടപടി. സംസ്ഥാന പരിധിയിലുള്ള 12 നോട്ടിക്കൽ മൈലിൽ ഇതര സംസ്ഥാന യാനങ്ങൾ പെലാജിക് ട്രോൾ വലകൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് നടത്തുന്ന മീന്‍പിടിത്തത്തിനെതിരെ യാനങ്ങൾ പിടിച്ചെടുത്തും പിഴ അടക്കമുള്ള നിയമനടപടി സ്വീകരിച്ചും സംസ്ഥാന ഫിഷറീസ് വകുപ്പ് മുന്നേറുമ്പോഴാണ് കേന്ദ്രത്തിന്റെ കള്ളക്കളി.









0 comments