മരട് സെക്സ് റാക്കറ്റ് കേസ്: ബിലാൽ റിമാൻഡിൽ

കൊച്ചി: മോഡലിങ് സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിലായ മാവേലിക്കര സ്വദേശി ബിലാൽ (ശ്രീകുമാർ) റിമാൻഡിൽ. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ജൂൺ 5 വരെയാണ് റിമാൻഡ് കാലാവധി. സെക്സ് റാക്കറ്റിന് വേണ്ടി യുവതികളെ വിദേശത്ത് എത്തിക്കുന്ന മുഖ്യകണ്ണിയാണ് ബിലാൽ.
കേസിൽ മുംബൈയിൽനിന്ന് പിടിയിലായ ഗുരുവായൂർ തൈക്കാട് മുട്ടത്ത് വീട്ടിൽ സിന്ധു(56)വിനെ ബിലാൽ പരിചയപ്പെട്ടത് ദുബായിൽവെച്ചാണ്. സിന്ധു യുവതികൾക്ക് വിസ എടുത്തുകൊടുത്ത്, ബിലാൽ പറഞ്ഞത് അനുസരിച്ചെന്നും പൊലീസിന് വിവരം ലഭിച്ചു.
പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീകുമാറിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്‌തിരുന്നു. ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒന്നാം പ്രതി സിന്ധുവുമായി അടുത്ത ബന്ധമുള്ള ശ്രീകുമാർ, വൈറ്റിലയിലെ ഫ്ലാറ്റിൽ മുൻപ് ഇവർക്കൊപ്പം താമസിച്ചിരുന്നു. സ്ത്രീകളെ വലയിലാക്കുന്നതിലും, സിന്ധുവുമായി ബന്ധപ്പെടുന്ന യുവതികളുടെ വീട്ടിലെത്തി അവരെ സംഘത്തിലേക്ക് എത്തിക്കുന്നതിലും ശ്രീകുമാർ നിർണായക പങ്ക് വഹിച്ചതായാണ് പൊലീസ് പറയുന്നത്.
സിന്ധുവിന് അന്താരാഷ്‌ട്ര മനുഷ്യക്കടത്ത്–സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് അന്വേഷകസംഘം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഇനി പിടിയിലാകാനുള്ളത് ദുബായിലുള്ള ഷംലയും റഹ്‌മത്തുമാണ്. സിന്ധുവിന്റെ നിർദേശപ്രകാരം ദുബായിൽ സെക്‌സ്‌റാക്കറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ഇരുവരുമാണ്.
യുവതികളെ ദുബായിൽ എത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറുന്ന ഇടപാട് തുടങ്ങിയത് 2022മുതലാണെന്നും കണ്ടെത്തി. നാലാംപ്രതി അലീന എബ്രഹാമിന്റെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഒൗറംഗസീബിന് സിന്ധു പണം അയച്ചതിന്റെ രേഖകളും അന്വേഷകസംഘത്തിന് ലഭിച്ചു.
സിന്ധുവിന്റെ രണ്ട് ഫോണുകൾ കസ്റ്റഡിയിലെടുത്തു. ഇതിൽനിന്ന് റാക്കറ്റിൽ ഉൾപ്പെട്ട കൂടുതൽ ആളുകളെക്കുറിച്ച് നിർണായകവിവരങ്ങൾ ലഭിച്ചതായാണ് സൂചന. പരാതിക്കാരിയായ യുവതിയുടെ മെഡിക്കൽ പരിശോധന റിപ്പോർട്ടിൽ ദേഹോപദ്രവമേറ്റതായി പറയുന്നുണ്ട്.
സിന്ധുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഇവരെ അടുത്തദിവസം അന്വേഷകസംഘം കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യും. പൊന്നാനി സ്വദേശി മഞ്‌ജിമ (25) അടക്കം നാലുപേരാണ് ഇതുവരെ അറസ്‌റ്റിലായത്. അലീന എബ്രഹാമിനെയും മഞ്‌ജിമയെയും കസ്‌റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷകസംഘം.









0 comments