മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിൽ അടച്ചു

കൊച്ചി : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അന്തർസംസ്ഥാന കുറ്റവാളി മരട് പനക്കപ്പറമ്പിൽ ലെയ്‌ൻ ആനക്കാട്ടിൽ ഹൗസിൽ അനീഷ് ആന്റണിയെ(40, മരട് അനീഷ്) കാപ്പ ചുമത്തി ജയിലിൽ അടച്ചു. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി രണ്ട് കൊലപാതകക്കേസ്, എട്ട് കൊലപാതക ശ്രമം, 17 അടിപിടി, 11 സംഘം ചേർന്നുള്ള കവർച്ച, അഞ്ച് ആയുധ നിയമ കേസുകൾ, മയക്കുമരുന്ന് കേസ്, ഭീഷണിപ്പെടുത്തി പണം അപഹരിക്കൽ തുടങ്ങിയവ ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
കാപ്പ നിയമ പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജയിലിൽ നിന്നിറങ്ങിയശേഷം കോയമ്പത്തൂർ കണ്ടെ ഗൗണ്ടൻ ചാവടി സ്റ്റേഷൻ പരിധിയിൽ സംഘം ചേർന്ന് കവർച്ച നടത്തി. സ്പായിൽനിന്ന് ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിച്ച കേസിൽ നെടുമ്പാശ്ശേരി പൊലീസ് ഇയാളെ ജൂലായ് ആറിന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങി.
കൊച്ചി സിറ്റി ഡിസിപി അശ്വതി ജിജിയുടെ ശുപാർശയിൽ കലക്ടർ ജി പ്രിയങ്ക 13ന് അനീഷിനെതിരെ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മരട് എസ്‌എച്ച്‌ഒ ഷാഹിന, എസ്ഐ അനിൽകുമാർ, എഎസ്ഐമാരായ സനീപ്, സുമേഷ്, സീനിയർ സിപിഒ മഹേഷ്, സിപിഒ ഫസൽ എന്നിവരടങ്ങിയ സംഘമാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. അനീഷിനെ വിയ്യൂർ സെൻട്രൽ ജയിലിലേയ്‌ക്ക് മാറ്റി.










0 comments