ചിറയിൻകീഴിലെ കൊലപാതകം
print edition മർദിച്ചത് തൂഫാൻ സ്‌ക്വാഡ്

ചിറയിൻകീഴിൽ യൂണിഫോമില്ലാതെയെത്തിയ പൊലീസുകാർ സജിയെ കെെയേറ്റം ചെയ്യുന്നു

വി എസ് വിഷ്‌ണുപ്രസാദ്
Published on Oct 07, 2026, 01:43 AM | 1 min read
തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ നിരപരാധിയായ യുവാവിനെ മർദിച്ച് മരണത്തിലേക്ക് തള്ളിവിട്ടത് തൂഫാൻ റെയ്‌ഡിനെത്തിയ പൊലീസുകാർ. അയൽവാസി വിഘ്‌നേശ്വറിനെ നാലഞ്ചുപേർ മർദിക്കുന്നതിനെ ചോദ്യംചെയ്‌ത അഴൂർ പെരുങ്ങുഴി ചല്ലുമുക്ക് നേരുകടവ് വയൽത്തിട്ടവീട്ടിൽ സജി (43)യെ ആണ് മഫ്‌തിലെത്തിയ പൊലീസുകാർ മർദിച്ചത്. വിഘ്‌നേശ്വറിന്റെ വീട്ടുമുറ്റത്തുനിന്ന് പൊലീസുകാർ സജിയെ പിടികൂടുന്ന ചിത്രങ്ങൾ പുറത്തുവന്നു. വീട്ടിൽനിന്ന് 200 മീറ്റർ അകലെ റോഡുവരെ ഇടിച്ചതായും നാട്ടുകാർ പറയുന്നു. ‘ഞങ്ങൾ തൂഫാൻ പൊലീസ് ആണ്, നീയാരാടാ തടയാൻ’ എന്നുചോദിച്ച് സിഐയും സംഘവും ക്രൂരമായി മർദിച്ചു. ചോര ഛർദിച്ചാണ് സജി മരിച്ചത്.
അനധികൃതമായി മദ്യംവിറ്റുവെന്നുപറഞ്ഞ് വെള്ളിയാഴ്‌ച ചിറയിൻകീഴ് സർക്കിൾ ഇൻസ്‌പെക്‌ടർ അഭിലാഷും സംഘവും വിഘ്‌നേശ്വറിനെ പിടികൂടി മർദിച്ചു. വിഘ്‌നേശ്വര്‍ ഹൃദ്‌രോഗിയാണെന്നും മർദിക്കരുതെന്നും സജി പറഞ്ഞു. ‘രക്ഷിക്കാൻ നോക്കുന്നോടാ’ എന്നാക്രോശിച്ചാണ് സജിയെ സിഐയും സംഘവും മർദിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
അവശനായ സജി വീട്ടിലെത്തി മകൻ വിജിനോട് തൂഫാൻ പൊലീസുകാർ മർദിച്ചത് പറഞ്ഞ് കരഞ്ഞു. കൊല്ലാൻവേണ്ടിയുള്ള മർദനമായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്ന് വിജിൻ പറഞ്ഞു. അടുത്തദിവസം ശരീരവേദനയും മുഖത്ത് നീർക്കെട്ടും മൂത്രതടസ്സവുമുണ്ടായി. മൂത്രത്തിൽ രക്തംകണ്ടതോടെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ കൊണ്ടുപോയി. പൊലീസ് മർദിച്ചെന്നുപറഞ്ഞപ്പോൾ വേദനസംഹാരി നൽകി തിരികെയയച്ചെന്ന് ബന്ധുക്കൾ പറയുന്നു. തിങ്കൾ പുലർച്ചെ വീണ്ടും രക്തം ഛർദിച്ച സജി കുഴഞ്ഞുവീണ് മരിച്ചു.
‘തൂഫാൻ’ പദ്ധതി നിരപരാധികളെ വേട്ടയാടാനുള്ള ലൈസൻസാക്കി പൊലീസ് മാറ്റിയതിന്റെ ഉദാഹരണമാണ് ചിറയിൻകീഴിലേത്. പൊലീസ് മർദനമേറ്റാണ് മരണമെന്ന് ഉറപ്പായിട്ടും കുടുംബത്തിന്റെ പരാതിയിൽ നടപടിയെടുക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറായിട്ടില്ല. നീതിക്കുവേണ്ടി നിയമപോരാട്ടം നടത്തുമെന്ന് സജിയുടെ ഭാര്യയും മക്കളും പറഞ്ഞു.









0 comments