print edition ‘നമ്പർ വൺ’ കർണാടകംതന്നെ ; സ്വന്തം വാർത്ത തള്ളി മനോരമ

തിരുവനന്തപുരം
ജയിലിലെ തടവുകാരുടെ വേതനം പരിഷ്കരിച്ചതിന്റെ പേരിൽ സർക്കാരിനെ പഴിക്കാൻ സ്വന്തം വാർത്തയുംതള്ളി മലയാള മനോരമ പത്രം. തടവുകാർക്കുള്ള വേതനവർധനയിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകമാണ് മുന്നിൽ എന്ന് സ്ഥാപിച്ച്, ദിവസങ്ങൾമുന്പ് പ്രസിദ്ധീകരിച്ച വാർത്തയാണ് തള്ളിയത്. യുഡിഎഫിനെ എങ്ങിനെയും സഹായിച്ചെടുക്കാനുള്ള തത്രപ്പാടിൽ ആശ, അങ്കണവാടി പ്രവർത്തകരുടെ വേതനവുമായി താരതമ്യം ചെയ്ത് കൊടുത്തതും ഒടുവിൽ പത്രത്തിനും കോൺഗ്രസിനും കുരുക്കായി. മനോരമ വാർത്ത ഏറ്റെടുത്ത കോൺഗ്രസും മറ്റു ചില മാധ്യമങ്ങളും അബദ്ധങ്ങൾ പ്രചരിപ്പിക്കുന്ന സ്ഥിതിയിലുമായി.

കർണാടകത്തിൽ തടവുകാർക്കുള്ള വേതനം വിദഗ്ധ തൊഴിലാളി (663 രൂപ), അർധ വിദഗ്ധ തൊഴിലാളി (615), അവിദഗ്ധ തൊഴിലാളി (524) എന്നിങ്ങനെയാണ് നൽകുന്നതെന്ന് മനോരമ നേരത്തെതന്നെ റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിൽ ഇപ്പോൾ പരിഷ്കരിച്ചതുപ്രകാരം ഇത് യഥാക്രമം 620, 560, 530 രൂപ എന്നിങ്ങനെയാണ്. ഒരു ലക്ഷത്തോളം ആശ വർക്കർമാർക്ക് കേരളത്തിൽ 15,000ത്തിൽ കൂടുതൽ രൂപ വേതനം കിട്ടുമ്പോൾ കർണാടകത്തിൽ ഓണറേറിയം 5000 രൂപയാണ്. പരമാവധി കിട്ടുന്നത് 10,000 രൂപയും. കേരളത്തിൽ ഡിസംബർ ഒന്നുമുതൽ 1000 രൂപ വർധിപ്പിച്ചപ്പോൾ കർണാടകത്തിൽ ഉള്ള തുകയും കുടിശികയാണ്.
തടവുകാരുടെ വേതനം കാലോചിതമായി പരിഷ്കരിക്കണമെന്ന സുപ്രീംകോടതി വിധിയെതുടർന്നാണ് ആവശ്യമായ പഠനത്തിനുശേഷം കേരളത്തിൽ ഉത്തരവിറങ്ങിയത്.










0 comments