മങ്കൊമ്പ് ഗോപാലകൃഷ്‌ണന് ഇന്ന് വിട നൽകും

കൊച്ചി : സർഗചാരുത നിറഞ്ഞ വരികളിലൂടെ ആസ്വാദകഹൃദയങ്ങൾ കീഴടക്കിയ പ്രിയ പാട്ടെഴുത്തുകാരൻ മങ്കൊമ്പ് ഗോപാലകൃഷ്‌ണന് സാംസ്‌കാരിക കേരളം ബുധനാഴ്‌ച വിടനൽകും. രാവിലെ ഒമ്പത് മുതൽ 11 വരെ എറണാകുളം ടൗൺഹാളിലും തുടർന്ന് തൈക്കൂടം എ കെ ജി റോഡിലെ ‘ലക്ഷാർച്ചന’ വീട്ടിലും പൊതുദർശനമുണ്ടാകും. രണ്ടിന് തൃപ്പൂണിത്തുറ ശ്‌മശാനത്തിൽ സംസ്‌കരിക്കും. വൈകിട്ട് 6.30ന് തൈക്കൂടം സ്‌മിത ക്ലബ്ബിൽ അനുശോചന യോഗം ചേരും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതംമൂലം തിങ്കൾ വൈകിട്ട് 4.55നായിരുന്നു അന്ത്യം. വീട്ടിലെ ഗോവണിയിൽനിന്ന് വീണ് ഇടുപ്പെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ഒരാഴ്‌ചമുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 78 വയസ്സായിരുന്നു.
മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ചാണ് മങ്കൊമ്പ് ഗോപാലകൃഷ്‌ണന്റെ മടക്കം. എഴുന്നൂറിലധികം ഗാനങ്ങളാണ് മങ്കൊമ്പിന്റെ തൂലികയിലൂടെ ആസ്വാദകർക്ക് ലഭിച്ചത്. ആ ഗാനങ്ങൾ തലമുറകൾ ഹൃദയത്തിലേറ്റി, പാടി. ഇരുനൂറിലേറെ ഇതരഭാഷാ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റിയപ്പോൾ ഗാനങ്ങളും സംഭാഷണങ്ങളും എഴുതിയ മങ്കൊമ്പ്, അവിടെയും പ്രതിഭയുടെ കൈയൊപ്പ് ചാർത്തി. കഥാകാരൻ, തിരക്കഥാകൃത്ത്, നിർമാതാവ്, നിരൂപകൻ, കവി, പത്രപ്രവർത്തകൻ എന്നീ നിലകളിലും മികവ് തെളിയിച്ചു. മങ്കൊമ്പിന്റെ നിര്യാണത്തിൽ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിവിധ സംഘടനകളും അനുശോചിച്ചു.









0 comments