ad
Deshabhimani

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവർക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

Manjumma boys

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ പോസ്റ്റർ (ഇടത്) സൗബിൻ ഷാഹിർ (വലത്) |Photo:Social Media

വെബ് ഡെസ്ക്

Published on Jun 04, 2026, 09:38 PM | 1 min read

തിരുവനന്തപുരം : ആഗോളതലത്തിൽ വൻ വിജയം നേടിയ 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് പ്രതികൾ.


സിനിമയുടെ ലാഭവിഹിതവുമായി ബന്ധപ്പെട്ട തർക്കമാണ് കേസിന് ആധാരം.സിനിമയുടെ ലാഭത്തിന്റെ 40 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത്, പരാതിക്കാരനായ അരൂർ സ്വദേശി സിറാജ് വലിയ വീട്ടിൽ ഹമീദിൽ നിന്ന് ഇവർ പണം കൈപ്പറ്റിയെന്നാണ് കേസ്. എന്നാൽ സിനിമ റിലീസ് ചെയ്ത് വൻ വിജയമായിട്ടും തനിക്ക് ഒരു രൂപ പോലും മടക്കി നൽകിയില്ലെന്ന് സിറാജ് പരാതിപ്പെടുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.


പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമിച്ച് ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' 2024 ഫെബ്രുവരി 22നാണ് തിയേറ്ററുകളിലെത്തിയത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൾ, ജീൻ പോൾ ലാൽ, ഗണപതി, ബാലു വർഗീസ് തുടങ്ങി വലിയൊരു താരനിര അണിനിരന്ന ചിത്രം കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും തരംഗമായി മാറി. ബോക്സ് ഓഫീസിൽ നിന്ന് 200 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ഈ വൻ ലാഭത്തിന് പിന്നാലെയാണ് നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ഇൻവെസ്റ്റർ രംഗത്തെത്തിയതും ഇപ്പോൾ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home