ad
Deshabhimani

ടേം വ്യവസ്ഥയിൽ ഉടക്കി കാപ്പനും അനൂപും; യുഡിഎഫിൽ കലഹം മൂർച്ഛിക്കുന്നു

Mani.jpg

മാണി സി കാപ്പൻ (ഇടത്), അനൂപ് ജേക്കബ് (വലത്)

വെബ് ഡെസ്ക്

Published on May 17, 2026, 12:42 PM | 1 min read

കൊച്ചി: യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ ഘടകകക്ഷികൾക്കിടയിലെ അധികാരത്തർക്കം തെരുവിലേക്ക്. മന്ത്രിസ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുന്നോട്ടുവെച്ച 'ടേം വ്യവസ്ഥ' തള്ളി പാലാ നിയുക്ത എംഎൽഎ മാണി സി കാപ്പനും അനൂപ് ജേക്കബും രംഗത്തെത്തി.


അഞ്ച് വർഷം തികച്ച് തന്നെ മന്ത്രിസ്ഥാനം വേണമെന്ന നിലപാടിൽ മാണി സി കാപ്പൻ ഉറച്ചുനിന്നതോടെ വിഡി സതീശൻ മന്ത്രിസഭയുടെ രൂപീകരണം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. പാലായിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പരസ്യമായ ഉറപ്പ് പാലിക്കണമെന്നാണ് മാണി സി കാപ്പന്റെ ആവശ്യം.


അങ്ങോട്ടുപോകുന്ന കാറിൽ ആയിരിക്കില്ല കാപ്പൻ തിരികെ വരിക, കൊടിവെച്ച കാറിലായിരിക്കും മടങ്ങുകയെന്നാണ് വിഡി സതീശൻ പാലായിൽ വന്ന് പ്രസംഗിച്ചത്. 'ടീം യുഡിഎഫ്' എന്നല്ലേ നേതാക്കൾ പറയുന്നത്, താനും അതിന്റെ ഭാഗമല്ലേ? അതുകൊണ്ട് പറഞ്ഞ വാക്ക് പാലിക്കണമെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു.


മാണി സി കാപ്പനും അനൂപ് ജേക്കബിനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന കോൺഗ്രസ് വാഗ്ദാനമാണ് ഇരുനേതാക്കളും തള്ളിയത്. സിഎംപിക്ക് മാത്രം അഞ്ച് വർഷം പൂർണ്ണ ടേം മന്ത്രിസ്ഥാനം നൽകാനുള്ള നീക്കത്തിലും ഇവർ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി.


മുന്നണിയിലെ ഒറ്റ എംഎൽഎമാരുള്ള എല്ലാ കക്ഷികൾക്കും തുല്യനീതി ഉറപ്പാക്കണമെന്നും തങ്ങളെ രണ്ടാംതരം പൗരന്മാരായി കാണരുതെന്നുമാണ് ഇവരുടെ നിലപാട്.


അതേസമയം, ഏഴ് എംഎൽഎമാരുള്ള തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ്. പാർട്ടി ഉന്നയിച്ചത് തികച്ചും ന്യായമായ ആവശ്യമാണെന്നും കോൺഗ്രസ് അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.


മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാന തർക്കത്തിന് പിന്നാലെ മാണി സി കാപ്പനും അനൂപ് ജേക്കബും ജോസഫ് ഗ്രൂപ്പും ഒരേസമയം കടുംപിടിത്തം തുടരുന്നത് യുഡിഎഫ് ക്യാമ്പിനെ പൂർണ്ണമായും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home