മഞ്ചേരി മെഡി. കോളേജിലെ കാർഡിയോളജി ഒപി നിലച്ചു


സ്വന്തം ലേഖകൻ
Published on Jun 14, 2026, 12:48 AM | 1 min read
മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ഒപിയിൽ ഒരാഴ്ചയായി ഡോക്ടർമാരില്ല. ഇതോടെ, ഹൃദ്രോഗ ചികിത്സാ വിഭാഗം സ്‌പെഷ്യൽ ഒപിയുടെ പ്രവർത്തനം പൂർണമായും നിലച്ചു. കോടികൾ ചെലവിട്ട് നിർമിച്ച കാത്ത് ലാബിന്റെ പ്രവർത്തനവും അവതാളത്തിലായി. രണ്ട് ഡോക്‌ടർമാരാണ് ഈ വിഭാഗത്തിലുള്ളത്. ഇതിൽ ഒരാൾ ഹജ്ജ് കർമത്തിന് പോയി. രണ്ടാമത്തെയാൾ അവധിയിലാണ്. പകരം സംവിധാനം ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
നൂറുകണക്കിന് സാധാരണക്കാരായ രോഗികളാണ് ദിവസവും ഒപിയിലെത്തുന്നത്. ഡോക്‌ടർമാരില്ലാത്തതിനാൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെപ്പോലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയാണ്. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും മുടങ്ങി. നിർധനരായ രോഗികൾ ഇതോടെ ദുരിതത്തിലായി.
2020-ൽ എൽഡിഎഫ് സർക്കാരാണ് ഇവിടെ കാർഡിയോ തൊറാസിക് സർജനെ നിയമിച്ചത്. കാർഡിയോളജി വിഭാഗത്തിൽ മൂന്ന് ഡോക്‌ടർമാരുടെ തസ്തികകളും സൃഷ്ടിച്ചു. എക്കോ കാർഡിയോഗ്രഫി, കാത്ത് ലാബ്, ഓപറേഷൻ തിയറ്റർ തുടങ്ങിയ സംവിധാനങ്ങൾ സജ്ജമാക്കിയതും എൽഡിഎഫ് സർക്കാരാണ്.










0 comments